Sorry, you need to enable JavaScript to visit this website.

ജോയ്‌സ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കി

തൊടുപുഴ- ഇടതുമുന്നണിയെ പിടിച്ചുലച്ച് മറ്റൊരു ഭൂമി കയ്യേറ്റ വിവാദം കൂടി. ഇടുക്കി എം.പി ജോയസ് ജോർജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം ദേവികുളം സബ് കളക്ടർ റദ്ദാക്കി. റദ്ദാക്കി. സർക്കാർ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുർന്നാണ് 20 ഏക്കർ പട്ടയം റദ്ദാക്കിയത്. ഭൂപതിവ് രേഖാ ലാൻഡ് അസൈൻമെന്റ് കമ്മറ്റി ചേരാത്ത സാഹചര്യത്തിലാണ് കലക്ടറുടെ നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ജോയ്‌സ് ജോർജിന് കലക്ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകൾ സർക്കാരിന് തിരിച്ചു കിട്ടിയതും ജോയിസിന് തിരിച്ചടിയായി. ജോയ്‌സ് ജോർജിന് അപ്പീൽ പോകാമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. 
ജോയ്‌സ് ജോർജിന്റെയും ഭാര്യ അനൂപയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളതെന്ന് ജോയ്‌സ് ജോർജ് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിൽ ചേർത്തിരുന്നു. 
വ്യാജ രേഖകളിലൂടെയാണു ജോയ്‌സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടർന്ന് ഇതു പരിശോധിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് ഉത്തരവിട്ടിരുന്നത്. 
അതേസമയം, തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. പട്ടയം റദ്ദാക്കിയെന്ന വിവരം മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Latest News