കോടതി അവസാന അവസരം നൽകി, മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ ഠാക്കൂര്‍ ഹാജരായി

മുംബൈ- 2008ലെ മാലേഗാവില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നടത്തിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിയായ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍ മുംബൈയിലെ എന്‍ഐഎ കോടതി മുമ്പാകെ ഹാജരായി. കോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞ മാസം രണ്ടു തവണ പ്രജ്ഞ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി താക്കീതു നല്‍കുകയും ഹാജരകാന്‍ തിങ്കളാഴ്ച അവസാന അവസരം നല്‍കുകയും ചെയ്തിരുന്നു. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതില്‍ കോടതി അമര്‍ഷം പ്രകടിപ്പിച്ചു. കേസിലെ മറ്റു പ്രതികളായ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, സമീര്‍ കുല്‍ക്കര്‍ണി, രമേശ് ഉപാധ്യയ്, സുധാകര്‍ ചതുര്‍വേദി എന്നിവരും കോടതിയില്‍ ഹാജരായി. അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി എന്നീ പ്രതികള്‍ ഹാജരായില്ല. കോവിഡിനു ശേഷം വീണ്ടു പ്രവര്‍ത്തനമാരംഭിച്ച കോടതി ഏഴു പ്രതികളോടും ഡിസംബര്‍ മൂന്നിന് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡ് ചൂണ്ടിക്കാട്ടി പ്രജ്ഞയടക്കമുള്ളവര്‍ ഹാജരായില്ല. പിന്നീട് ഡിസംബര്‍ 19ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ദല്‍ഹി എയിംസില്‍ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രജ്ഞ വീണ്ടും ഹാജരായില്ല. തുടര്‍ന്നാണ് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജ് പി.ആര്‍ സിത്‌റെ പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമായി ജനുവരി നാല് നിശ്ചയിച്ചത്. 

കേസിലെ ഏഴു പ്രതികളും ആഴ്ചയില്‍ ഒരിക്കല്‍ കോടതി മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് 2019ല്‍ കോടതി ഉത്തരവിട്ടിരുന്നു. 2019 ജൂണിലാണ് ഇതിനു മുമ്പ് പ്രജ്ഞ അവസാനമായി കോടതിയില്‍ ഹാജരായത്. കേസില്‍ ആകെയുള്ള 400 സാക്ഷികളില്‍ ഇതുവരെ 140 പേരെ വിസ്തരിച്ചു. ചൊവ്വാഴ്ചയും വാദം കേള്‍ക്കല്‍ തുടരും.

മാലേഗാവിലെ പള്ളിക്കു സമീപം ഹിന്ദുത്വ തീവ്രവാദ സംഘനടകള്‍ 2008 സെപ്തംബര്‍ 29ന് നടത്തിയ സ്‌ഫോടനത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടനത്തിനു പിന്നില്‍ അഭിനവ് ഭാരത്, ഹിന്ദു രാഷ്ട്ര സേന, രാഷ്ട്രീയ ജാഗരണ്‍ മഞ്ച്, ശര്‍ദ സര്‍വാംഗ്യ പീഠ് എന്നീ തീവ്രവാദ സംഘടനകളാണെന്ന് കണ്ടെത്തിയത്. പ്രജ്ഞ സിങ്, കേണല്‍ പുരോഹിത് എന്നിവരടക്കമുള്ള പ്രതികളെ പോലീസ് 2008 ഒക്ടോബര്‍ 24ന് അറസ്റ്റ് ചെയ്തു. സ്‌ഫോടനം മുസ്‌ലിം തീവ്രവാദികളുടെ പേരിലാക്കാനുള്ള ശ്രമമായിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തി. മഹരാഷ്ട്ര എടിഎസ് മുന്‍ മേധാവി ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. കര്‍ക്കരെ പിന്നീട് മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്തു. ഈ കേസിലൂടെ തീവ്രഹിന്ദുത്വ മുഖമായി മാറിയ പ്രജ്ഞ സിങ് ഠാക്കൂറിനെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് മത്സരിപ്പിച്ച് ബിജെപി ലോക്‌സഭാംഗമാക്കി.

Latest News