ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ മോഡി ആദ്യം  വാക്‌സിനെടുക്കട്ടെ-കോണ്‍ഗ്രഗസ് എം.എല്‍.എ

പട്‌ന- കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. അജിത് ശര്‍മ. വാക്‌സിനെ സംബന്ധിച്ച് രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ഇത് വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും മോഡി മാതൃകയാക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയ്ക്ക് ഒപ്പം  മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും വാക്‌സിന്റെ ആദ്യ ഡോസുകള്‍ സ്വീകരിക്കണമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.പുതുവര്‍ഷത്തില്‍ രണ്ട് വാക്‌സിനുകള്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ച് സംശയമുണ്ട്. റഷ്യയുടെയും അമേരിക്കയുടെയും രാജ്യത്തലവന്മാര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ജനങ്ങളുടെ വിശ്വാസം നേടി. അതുപോലെ ജനങ്ങളുടെ സംശയങ്ങള്‍ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആളുകളുടെ വിശ്വാസം നേടണം' അജിത് ശര്‍മ പറഞ്ഞു.ബയോടെക്കും സെറം ഇന്‍സ്റ്റിറ്റിയൂട്ടും നിര്‍മിച്ച വാക്‌സിനുകളുടെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി. ശ്രമിക്കുകയാണെന്നും ശര്‍മ വിമര്‍ശിച്ചു. കോവിഡ് വാക്‌സിനുകള്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും കോണ്‍ഗ്രസിന്റെ കാലത്താണ് സ്ഥാപിതമായതെന്ന് ബി.ജെ.പി. നേതാക്കള്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

Latest News