വനിതകളുടെ കരണക്കുറ്റിക്ക് അടിക്കലാണോ എം.എല്‍.എയുടെ പണി

കോഴിക്കോട്- കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണി മുഴക്കിയ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസിനു മറുപടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കിതിരായ പ്രക്ഷോഭത്തിനിടെ സി.പി.എം വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം.  
പിണറായി വിജയനെ അരച്ചു കലക്കി കുടിക്കാനല്ലേ ദേഷ്യം. ഒരു പെണ്ണൊരുത്തി വന്നിട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്‌റ്റേറ്റ് വൈസ് പ്രസിഡണ്ടാണ്.. എന്തൊക്കെ പുലഭ്യാണ് വിളിച്ചു പറഞ്ഞത്. ഞങ്ങളെങ്ങാനും അടുത്തുണ്ടെങ്കില്‍ യാതൊരു മര്യാദയും ഇല്ലാതെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമായിരുന്നു- ഇങ്ങനെയായിരുന്നു എം.എല്‍.എയുടെ പ്രസംഗം.
സി.പി.എം നേതാക്കളായ എളമരം കരീം, പി.എന്‍ പരമേശ്വരന്‍  എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രസംഗം. നേരത്തെ ഒക്ടോബര്‍ 22 ന് ഗെയില്‍ വിരുദ്ധ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീജയായിരുന്നു.
രാഷ്ട്രീയമായി സംവദിക്കാന്‍ എത്തുന്ന വനിത നേതാക്കളുടെ കരണക്കുറ്റിക്കടിക്കലാണോ എം.എല്‍.എയുടെ പണി എന്നു ചോദിച്ച ശ്രീജ എം.എല്‍.എയുടെ കരണക്കുറ്റിക്കടി ഏറ്റുവാങ്ങാന്‍ പറയുന്നിടത്ത് വരാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശ്രീജയുടെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചു കൈത്തരിപ്പ് മാറ്റാന്‍ പൂതി പൂണ്ടു നില്‍ക്കുന്ന എം എല്‍ എ ജോര്‍ജ്ജ് എം തോമസിനോട് അതേ ശ്രീജയ്ക്കു പറയാനുള്ളത് ....

കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് സംഘടിപ്പിച്ച ഗെയില്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ ജനകീയ സമരപ്പന്തലിലെത്തിയത് ... വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രഭാഷണമാണ് എം എല്‍ എ സഖാവിന് എന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാന്‍ തോന്നിയതെന്ന് അങ്ങയുടെ മറുപടി പ്രഭാഷണത്തില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നു .... സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയത്തിനോടൊപ്പം നില്‍ക്കുകയും ജനകീയ സമരത്തിന് പിന്തുണ നല്‍കാനെത്തിയവരുടെ ചോദ്യങ്ങളെ രാഷ്ട്രീയമായി നേരിടാനാകാതെ ഭരണകൂടത്തിന്റെ ജനദ്രോഹ നയത്തെ ചോദ്യം ചെയ്യുന്നവരുടെ കരണക്കുറ്റി പൊളിക്കാന്‍ തുനിയുന്ന ജനപ്രതിനിധിയായ താങ്കളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ...? .രാഷ്ട്രീയമായി സംവദിക്കാന്‍ എത്തുന്ന വനിതാ നേതാക്കളെ കരണക്കുറ്റിക്കടിക്കലാണോ എം എല്‍ എ യായ താങ്കളുടെ പണി ...? ഒരു എം എല്‍ എ എന്ന നിലയില്‍ ആ സമരപന്തലില്‍ ചെങ്കൊടിയുമേന്തി എത്തിയ നൂറു കണക്കിന് സഖാക്കളെ ഗെയില്‍ പദ്ധതിയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ ? അവരേയും കരണക്കുറ്റിക്കടിക്കാന്‍ താങ്കള്‍ ആഹ്വാനം ചെയ്യുമോ ..?

എം എല്‍ എ ജോര്‍ജ്ജ് എം തോമസ് താങ്കള്‍ പറയണം കരണക്കുറ്റിക്കു നേരെയുള്ള താങ്കളുടെ അടി വാങ്ങാന്‍ ഞാന്‍ എവിടെയാണ് വരേണ്ടതെന്ന് ...താങ്കള്‍ പറയുന്നിടത്ത് ഞാന്‍ വരാം ...ചങ്കുറപ്പുണ്ടോ അങ്ങേയ്ക്ക് എന്റെ കരണക്കുറ്റി പൊളിക്കാന്‍ ....
സ്‌റ്റേജില്‍ കയറി നിന്ന് മൈക്കിലൂടെ ശ്രീജയുടെ കരണക്കുറ്റി പൊളിക്കുമെന്ന് പറയുന്നതല്ല എം എല്‍ എ സഖാവേ ഹീറോയിസം പൊളിച്ചു കാണിച്ചു അണികളുടെ കയ്യടി വാങ്ങുന്നതല്ലേ ഹീറോയിസം ....എം എല്‍ എ യ്ക്ക് ചങ്കുറപ്പ് എന്നൊന്നുണ്ടെങ്കില്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ പറഞ്ഞോളൂ ഞാനെവിടെയാണ് വരേണ്ടതെന്ന് ....പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് ഞാനെത്തി അങ്ങയുടെ കരണക്കുറ്റിയടി കൈപ്പറ്റികൊള്ളാം ....

സ്വന്തം കുടുംബത്തിലെയും പാര്‍ട്ടിയിലേയും അഭിപ്രായം പറയുന്ന പെണ്ണുങ്ങളെ സഖാവ് കരണക്കുറ്റിക്കടിച്ചു നേരിടുന്നതു പോലെ നാട്ടിലെ പെണ്ണുങ്ങളുടെ കരണം പുകയ്ക്കാനിറങ്ങിയാല്‍ തകര്‍ന്നു തരിപ്പണമായിപ്പോകും അങ്ങയുടെ കരണം മറക്കരുത് .... മുക്കത്ത് സമരപന്തലില്‍ വന്ന് ഭരണകൂടത്തിന്റെ നെറികേടിനെതിരെ പ്രസംഗിക്കാനുള്ള ധൈര്യം ഉണ്ടെങ്കില്‍ എന്റെ കരണക്കുറ്റിക്ക് നേരെ ഉയരുന്ന സഖാവിന്റെ കയ്യെ നേരിടാനുള്ള ധൈര്യവും ഞാനെന്ന സ്ത്രീക്കുണ്ടെന്ന കാര്യം സഖാവ് ഓര്‍ത്താല്‍ നന്ന് .....

 

Latest News