Sorry, you need to enable JavaScript to visit this website.

മതംമാറ്റ കേസിലുള്‍പ്പെട്ട മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരായ ആരോപണം വ്യാജമെന്ന് യുപി പോലിസ്

ബറേലി- യുപി സര്‍ക്കാര്‍ നടപ്പിലാക്കിയ മതംമാറ്റം തടയല്‍ നിയമപ്രകാരം രണ്ടു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലുള്‍പ്പെട്ട മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരായ ആരോപണം വ്യാജമാണെന്ന് പോലീസ്. 24കാരിയായ ഹിന്ദു യുവതിയാണ് 24കാരനായ ടാക്‌സി ഡ്രൈവര്‍ അബ്‌റാര്‍ ഖാനെതിരെ പരാതി നല്‍കിയത്. മാനഭംഗപ്പെടുത്തി, മതം മാറ്റത്തിന് നിര്‍ബന്ധിച്ചു എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. ജനുവരി ഒന്നിന് നല്‍കിയ ഈ പരാതിയുടെ അടിസ്ഥാനത്തലില്‍ ബറേലി പോലീസ് അബ്‌റാര്‍ ഖാന്‍ സഹോദരന്‍ മയ്‌സൂര്‍, സുഹൃത്ത് ഇസ്‌റാര്‍ എന്നിവര്‍ക്കെതിരെ  കേസെടുത്തിരുന്നു. 

ഡിസംബര്‍ ഒന്നിന് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുംവഴി ഫരീദ്പൂരില്‍ വച്ച് അബ്‌റാര്‍ തന്നെ തടയുകയും മാനഭംഗപ്പെടുത്തുകയും വണ്ടിയില്‍ നിന്ന് താഴേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവം കണ്ടവര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റു രണ്ടു പേരുടെ സഹായത്തോടെ അബ്‌റാര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു. നേരത്തെ ഇദ്ദേഹം തന്നെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായും യുവതി ആരോപിച്ചു. മാതാപിതാക്കള്‍ ഇല്ലാത്ത യുവതി അമ്മാവനൊപ്പമാണ് കഴിയുന്നത്. അമ്മാവന്‍ യുവതിയെ ഈയിടെ ഒരു ഹിന്ദു യുവാവിന് വിവാഹം ചെയ്തു നല്‍കിയിരുന്നു. വിവാഹത്തിന് മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നും അബ്‌റാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ ഒരു മാസത്തോളം വൈകിയതെന്നും യുവതി പറയുന്നു. ഇരുവരും ഒരേ നാട്ടുകാരാണ്.

എന്നാല്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു. യുവതിക്കു നെരെ അതിക്രമമുണ്ടായി എന്നു പറയുന്ന ദിവസം അബ്‌റാറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റു രണ്ടു പേരും ഫരീദ്പൂരില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. മൂന്ന് യുവാക്കള്‍ക്കുമെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. അതേസമയം അബ്‌റാറും മറ്റു രണ്ടു പേരും തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബറേലി സീനിയര്‍ പോലീസ് സുപ്രണ്ട് രോഹിത് സിങ് സജ്‌വാന്‍ പറഞ്ഞു.

സെപ്തംബറില്‍ യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തി. അബ്‌റാര്‍ യുവതിയെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് യുവതിയുടെ അമ്മാവനാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയ്ക്കു ശേഷം യുവതി തിരിച്ചെത്തി. താന്‍ സ്വന്തം ഇഷ്ടപ്രകാരം ദല്‍ഹിക്കു പോയതായിരുന്നുവെന്നും അബ്‌റാറിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അബ്‌റാറിനെതിരെ പോലീസ് നടപടി സ്വീകരിച്ചില്ല. 

ഡിസംബര്‍ 11നാണ് അമ്മാവന്‍ യുവതിയെ മറ്റൊരു ഹിന്ദു യുവാവിന് വിവാഹം ചെയ്തു നല്‍കിയത്. പുതിയ പരാതിയില്‍ പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

Latest News