Sorry, you need to enable JavaScript to visit this website.

വിട്ടയച്ചവരുടെ കൂട്ടത്തിൽ രാജകുമാരന്മാരില്ല

റിയാദ്- അഴിമതി കേസുകളിൽ പങ്കുള്ളതായി സംശയിച്ച് അറസ്റ്റ് ചെയ്ത ശേഷം മതിയായ തെളിവില്ലാത്തതിനാൽ വിട്ടയച്ചവരുടെ കൂട്ടത്തിൽ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് അഭിജ്ഞ വൃത്തങ്ങൾ വെളിപ്പെടുത്തി. വിട്ടയച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയ വക്താവ് ഹാനി അൽഗുഫൈലി പറഞ്ഞു. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കണമെന്നും ശരിയായ ഉറവിടങ്ങളെ സമീപിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
അഴിമതി കേസുകളിൽ ആകെ 207 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും ഇവരിൽ ഏഴു പേരെ മതിയായ തെളിവില്ലാത്തതിനാൽ വിട്ടയച്ചതായും അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. അഴിമതിയിലൂടെയും വെട്ടിപ്പിലൂടെയും ചുരുങ്ങിയത് പതിനായിരം കോടി ഡോളർ പൊ തുഖജനാവിന് നഷ്ടപ്പെടുത്തിയെന്നാണ് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. പ്രതികൾക്കുള്ള നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് അറസ്റ്റിലുള്ളവരുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുന്നതിന് സാധിക്കില്ല. അഴിമതി കേസുകളിൽ തെളിവ് ശേഖരിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. മൂന്നു വർഷം നീണ്ട പ്രാഥമികാന്വേഷണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടികൾ. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും അവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായും ബന്ധപ്പെട്ട് വലിയ തോതിലുള്ള ഊഹാപോഹങ്ങൾ ലോകമെങ്ങും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവരുമായി ബന്ധപ്പെട്ട പേരുവിവരങ്ങൾ ഇപ്പോൾ പരസ്യപ്പെടുത്താനാവില്ല. അഴിമതി അന്വേഷണങ്ങൾ പ്രതികളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകൾ മാത്രമാണ് മരവിപ്പിച്ചത്. കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ വ്യമാക്കിയിരുന്നു. 
 

Latest News