വാഷിങ്ടൺ- തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ തോൽപിക്കാൻ ആവശ്യമായ വോട്ട് കണ്ടെത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖകൾ പുറത്ത്. ജോർജിയയിലെ സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗറിനെ ഫോണിൽ വിളിച്ച് തനിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടാൻ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തനിക്കനുകൂലമായി വോട്ടുകൾ കണ്ടെത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർ നടപടികൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ജോർജിയയിലെ ജനങ്ങൾ ദേഷ്യത്തിലാണ്. രാജ്യത്തെ ജനങ്ങൾ കുപിതരാണ്. ഈ പറയുന്നതിൽ ഒരു തെറ്റുമില്ല, നിങ്ങൾ വോട്ടുകൾ വീണ്ടും എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ് ട്രംപ് പറയുന്നത്. വോട്ടുകളുടെ എണ്ണം സംബന്ധിച്ച് താങ്കൾക്ക് ലഭ്യമായിരിക്കുന്ന വിവരം തെറ്റാണെന്നും ബ്രാഡ് റാഫെൻസ്‌പെർഗർ മറുപടി പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം. ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് ഫലത്തിൽ തിരിമറി ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് ഉദ്യോഗസ്ഥനെ വിളിച്ചത്.