കായംകുളം- കവി അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും. അതിനുശേഷമായിരിക്കും സംസ്‌കരിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുകയെന്നും ബന്ധുക്കൾ അറിയിച്ചു. ഇന്നലെ രാത്രിയാണ് അനിൽ പനച്ചൂരാൻ മരിച്ചത്. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.