കെ.എം.സി.സി: കമ്മിറ്റി രൂപീകരണവും പാളയത്തിലെ പടയും

മാരത്തൺ ചർച്ചകൾ പരാജയം: ജിദ്ദ കെ. എം. സി. സി കമ്മിറ്റി ഇനിയുമായില്ല എന്ന മലയാളം ന്യൂസ് വാർത്തയാണ് ഈ കുറിപ്പിന് വഴിവെച്ചത്. കെ എം സി സി , പ്രവാസ ലോകത്തെ പകരം വെക്കാനില്ലാത്ത സംഘടനയാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം നിലവിൽ അതിന് കമ്മിറ്റികളുമുണ്ട്. എന്നാൽ ഏറ്റവും നന്നായി സൂക്ഷ്മതയോടെയും കാര്യക്ഷമമായും പ്രവർത്തിക്കുന്നത് സൗദി കെ എം സി സി ആണെന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ സാധ്യതയില്ല. അതിൽ തന്നെ ജിദ്ദ സെൻട്രൽ കമ്മിറ്റിക്കാണ് മുൻതൂക്കം. അതിന് പ്രധാന കാരണം അംഗങ്ങളുടെ ബാഹുല്യം തന്നെ. എന്നാൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം ജിദ്ദ കമ്മിറ്റിയുടെ സൽപേരിന് കളങ്കം ചാർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. 
കഴിഞ്ഞ മേയിൽ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ് കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർത്തത്. കൗൺസിലർമാർക്ക് മാത്രമായി വിളിച്ച യോഗത്തിലേക്ക് അവരല്ലാത്തവരും എത്തിയത് തന്നെ അച്ചടക്ക ലംഘനമായി കണക്കാക്കേണ്ട സംഗതിയായിരുന്നു. അനുസരണയില്ലാത്ത അണികൾ ഏത് സംഘടനക്കും ഭാരമാണെന്ന് തെളിയിച്ച യോഗം കൂടിയായിരുന്നു അന്ന് നടന്നത്. അന്ന് നടന്ന സംഭവ വികാസങ്ങൾ (ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു) വള്ളി പുള്ളി വിടാതെ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കാനും ആളുണ്ടായി എന്നത് സംഘടനയെ സംബന്ധിച്ച് പൊറുക്കാനാവാത്ത തെറ്റ് തന്നെയായിരുന്നു. എല്ലാം കഴിഞ്ഞിട്ടിപ്പോൾ മാസം അഞ്ച് കഴിഞ്ഞിരിക്കുന്നു. ഇനിയും പുതിയ കമ്മിറ്റിക്ക് നിലവിൽ വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ  അതിന്റെ കാരണം എന്ത് ആരാണ് അതിന് പിന്നിൽ കളിക്കുന്നത് എന്ന് അന്വേഷിച്ച് കണ്ടെത്താനുള്ള ബാധ്യത മാതൃസംഘടനാ നേതൃത്വത്തിനില്ലേ?
പുരക്ക് മുകളിൽ അപകടകരമാം വിധം ചാഞ്ഞ് കിടക്കുന്നത് സ്വർണമരമാണെങ്കിൽ പോലും വെട്ടിമാറ്റണമെന്ന തത്വം ഇവിടെയും നടപ്പാക്കാവുന്നതേയുള്ളൂ.  ഇത്ര വാശിയും വൈരാഗ്യവും കൊണ്ടു നടക്കാൻ, അല്ലെങ്കിൽ കെ എം സി സി യുടെ തലപ്പത്ത് വരാൻ വ്യഗ്രത കാട്ടാൻ മാത്രം എന്ത് നിലവറയാണ് കെ എം സി സി ക്കുള്ളത്? അശരണരേയും നിരാലംബരേയും സഹായിക്കാനും മുസ്‌ലിം ലീഗിന്റെ അണികൾക്ക് വിശിഷ്യാ ഇവിടെയുള്ള പ്രവാസികൾക്ക് താങ്ങും തണലുമാകുവാനുമല്ലേ കെ എം സി സി പ്രവർത്തിക്കുന്നത്?  അതിന്റെ സുതാര്യമായ പ്രവർത്തനം മുന്നോട്ട് നീങ്ങാൻ പ്രസിഡന്റ്, സെക്രട്ടറി, ഖജാഞ്ചി തുടങ്ങിയ സ്ഥാനങ്ങൾ ആവശ്യമാണ്. അതിന് കഴിവുള്ളവരെ തന്നെയാണ് സംഘടന നിയമിച്ചിട്ടുള്ളതും. ഇത്രയും കാലത്തെ പ്രവർത്തനം നല്ല രീതിയിലാണ് നടന്നിട്ടുള്ളതും എന്ന് കരുതി കാലാകാലം ആ സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കണം എന്നുണ്ടോ? അതിനു മാത്രം എന്താണ് കെ എം സി സി യിൽനിന്നും കിട്ടാനുള്ളത്? സത്യസന്ധമായി സാമൂഹിക പ്രവർത്തനത്തിനിറങ്ങുന്നവരുടെ പോക്കറ്റിൽ നിന്നും അങ്ങോട്ട് ചെലവാകുകയാണ് പതിവ് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കെ എം സി സി യും അങ്ങിനെയാണെന്നാണ് സാധാരണ അണികൾ കരുതിപ്പോരുന്നത്. അതു കൊണ്ടുതന്നെ അധികാരത്തിന് വേണ്ടിയുള്ള വീറും വാശിയിൽനിന്നും ജിദ്ദാ കമ്മിറ്റിയിലെ  എല്ലാ നേതാക്കളും പിന്മാറുന്നതാവും സംഘടനക്ക് ഗുണം ചെയ്യുക. 
നിലവിലെ കമ്മിറ്റി തുടരണോ അതല്ല പുതിയ കമ്മിറ്റി വരണോ സമവായ കമ്മിറ്റി വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം വോട്ടർമാരായ കൗൺസിലർമാർക്കാണ്. അതിനാണല്ലോ 72 ഏരിയ കമ്മിറ്റികളിൽ നിന്നായി 397 കൗൺസിലർമാരെ തെരഞ്ഞെടുത്തിട്ടുള്ളത്. അവരെ നോക്കു കുത്തിയാക്കി  പുതിയ അല്ലെങ്കിൽ പഴയ കമ്മിറ്റിയെ പ്രഖ്യപിക്കാനാണെങ്കിൽ പിന്നെ ഏരിയ യോഗങ്ങളുടേയും കമ്മിറ്റികളുടെയുമൊന്നും ആവശ്യമുണ്ടായിരുന്നില്ല. ലീഗ് നേതൃത്വം ഒരു തീരുമാനം പറയും അതെല്ലാവരും അനുസരിക്കും എന്നൊരു നിയമം എഴുതി വെച്ചാൽ മതിയായിരുന്നു. 
സംസ്ഥാന സെക്രട്ടറിയുടെയോ അഖിലേന്ത്യ സെക്രട്ടറിയുടേയോ വാക്കുകൾ മുഖവിലക്കെടുക്കാൻ ജിദ്ദ സെൻട്രൽ കമ്മിറ്റിയിലെ നേതാക്കന്മാർ തയ്യാറാവുന്നില്ല എന്നതിന്റെ ദുസ്സൂചനയായിട്ടാണ് ഉംറക്കെത്തിയ താനിപ്പോൾ ഇതിൽ ഇടപെടേണ്ടതില്ല എന്ന കെ.പി.എ മജീദിന്റെ വാക്കുകളെ കാണേണ്ടത്.  സാധാരണ ഏത് നേതാക്കന്മാർ വന്നാലും അത് ഉംറക്കായാലും  അല്ലെങ്കിലും ജിദ്ദയിൽ സ്വീകരണം ഒരുക്കുക പതിവാണ്.  എന്നാൽ ഈയാഴ്ചയിൽ പ്രഗൽഭരായ മൂന്ന് പേരാണ് ഇവിടെയുള്ളത്. അതിൽ പി.കെ ബഷീർ എംഎൽഎ നാട്ടിലെത്തി. കുഞ്ഞാലിക്കുട്ടി സാഹിബിന് ചില സാങ്കേതിക കാരണങ്ങളാൽ സ്വീകരണം നൽകാൻ സാധിക്കാതെയും പോയി. എന്നാൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സാഹിബ് ജിദ്ദയിലെത്തിയിട്ട് അദ്ദേഹത്തിന് സ്വീകരണം കൊടുക്കാൻ കഴിയാതെ പോയതിനുള്ള കാരണം അണികളെ ബോധ്യപ്പെടുത്താൻ കമ്മിറ്റി ബാധ്യസ്ഥരാണ്. കാരണം ജിദ്ദയിൽ സംഘടിപ്പിച്ച പി എസ് എം ഒ കോളേജ് സുവർണ ജൂബിലി ആഘോഷ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തത് കെ. പി. എ മജീദാണ്. ആ യോഗത്തിന്റെ സ്‌റ്റേജിലും സദസ്സിലും നിലവിലെ ജിദ്ദാ കമ്മിറ്റിയിലെ ഒട്ടുമിക്ക നേതാക്കളുമുണ്ടുതാനും. ഈയൊരു സാഹചര്യത്തിൽ പ്രത്യേകിച്ച് വേങ്ങര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ സമയം കൂടിയായിട്ട് ജിദ്ദ കമ്മിറ്റിയുടെ കീഴിൽ സംസ്ഥാന സെക്രട്ടറിക്ക് സ്വീകരണം സംഘടിപ്പിക്കാതിരുന്നത് കഴിവ് കേട് തന്നെയാണ്.
ഇനിയിപ്പോൾ കുടുംബ സുരക്ഷാ പദ്ധതിയുടെ പുതിയ വർഷത്തേക്കുള്ള പ്രവർത്തനം തുടങ്ങുകയായി. ആദ്യം നാഷണൽ കമ്മിറ്റിയുടേതാണ്. അത് കഴിഞ്ഞാൽ പിന്നെ സെൻട്രൽ കമ്മിറ്റിയുടേതും വരാനുണ്ട്. നിലവിൽ ശക്തമായൊരു കമ്മിറ്റിയില്ലാതെ എങ്ങനെയാണ് ഇതിന്റെയെല്ലാം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുക? അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് പുതിയ കമ്മിറ്റി നിലവിൽ വരുത്താനുള്ള സാഹചര്യം ഒരുക്കാനുള്ള കാര്യങ്ങൾക്ക് നേതാക്കൾ മുന്നിട്ടിറങ്ങണം. സമവായത്തിന് ആരും തയാറാവുന്നില്ലെങ്കിൽ അധികാര മോഹം തലയ്ക്ക് പിടിച്ച എല്ലാവരും മത്സരത്തിനിറങ്ങട്ടെ. ആരെ തള്ളണം ആരെ കൊള്ളണം എന്ന് തീരുമാനിക്കാനുള്ള അധികാരം കൗൺസിലർമാർക്കാണ്. അവരത് ഭംഗിയായി നിർവഹിക്കുകയും ചെയ്യും. അതു കൊണ്ട് തന്നെ ജിദ്ദ സെൻട്രൽ കമ്മിറ്റിയെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാനുള്ള പച്ചക്കൊടി കാണിക്കാൻ മാതൃസംഘടനയായ മുസ്‌ലിം ലീഗ് നേതൃത്വം മുന്നോട്ട് വരണമെന്നാണ് ഈയവസരത്തിൽ ഉണർത്താനുള്ളത്. 

Latest News