കാസർക്കോട്- പാണത്തൂർ പരിയാരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. കർണാടക സ്വദേശികളായ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്. പരിക്കേറ്റ 44 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അർധമൂല സ്വദേശി നാരായണ നായിക്കിന്റെ മകൻ ശ്രേയസ്(13), സുള്ള സ്വദേശി രവിചന്ദ്ര(40), ഭാര്യ ജയലക്ഷ്മി(39), ബെൽനാട് സ്വദേശി രാജേഷ്(45), ബണ്ട്വാൾ സ്വദേശി ശശിധര പൂജാരി(43), പുത്തൂർ സ്വദേശിനി സുമതി(50), ആദർശ്(14)എന്നിവരാണ് മരിച്ചത്. കർണാടകയിൽനിന്ന് വിവാഹത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. കർണാടകത്തിലെ ഈശ്വരമംഗലത്തുനിന്നും കരിക്ക ചെത്തുകയത്തിലേക്ക് വന്നതായിരുന്നു വിവാഹസംഘം. വീടിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. വീട്ടിനുള്ളിൽ ആരും ഇല്ലായിരുന്നു.






