കൊല്‍ക്കത്ത- പശ്ചമ ബംഗാളിലെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രമുഖ മുസ്ലിം നേതാവ് അബ്ബാസ് സിദ്ദീഖിയുമായി ചര്‍ച്ച നടത്തി.
ഹൂഗ്ലി ജില്ലയിലെത്തിയാണ് ഉവൈസി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും അബ്ബാസ് സിദ്ദീഖിയുമായി ചര്‍ച്ച നടത്തിയത്.
സംസ്ഥാനത്ത് നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഉവൈസിയുടെ ആദ്യ പശ്ചിമ ബംഗാള്‍ സന്ദര്‍ശനമാണിത്. മമത സര്‍ക്കാര്‍ ഉവൈസിയെ എയര്‍പോര്‍ട്ടില്‍ തന്നെ തടയുമെന്ന അഭ്യൂഹമുണ്ടായിരുന്നതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉവൈസിയുടെ വരവ്.
കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ഹൂഗ്ലിയിലേക്ക് പോയ ഉവൈസി ഉച്ചക്ക് ശേഷം ഹൈദരാബാദിലേക്ക് മടങ്ങുമെന്നും മജ്‌ലിസ് സംസ്ഥാന സെക്രട്ടറി സമീറുല്‍ ഹസന്‍ പറഞ്ഞു.
സിദ്ദീഖിയുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്താനായിരുന്നു ഉവൈസിയുടെ തീരുമാനമെങ്കിലും അവസാന നിമിഷം അതുമാറ്റി ബംഗാളില്‍ നേരിട്ട് എത്തുകയായിരുന്നു. ഫുത്തൂറ ശരീഫിലെ പീര്‍സാദയായ സിദ്ദീഖി ഈയടുത്തായി സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു.






