ചോദ്യം ചെയ്യലിനോട് ഇബ്രാഹിം കുഞ്ഞ് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്

കൊച്ചി- പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടില്‍ വിജിലന്‍സ്. ഇക്കാര്യം വീണ്ടും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.
കേസിലെ അഞ്ചാം പ്രതിയായ  ഇബ്രാഹിംകുഞ്ഞിനെ നേരത്തെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടു തവണയായി ഒരോ ദിവസം വീതം വിജിലന്‍സ് സംഘം ആശുപത്രിയില്‍ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടു തവണ നടത്തിയ ചോദ്യം ചെയ്യിലിലും കാര്യമായ രീതിയില്‍ ഇബ്രാഹിംകുഞ്ഞ് സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണം.
പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകാരില്‍നിന്നു ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയെന്നതാണ് വിജിലന്‍സിന്റെ മുന്നിലുള്ള പ്രധാന ആരോപണം. കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കുന്നതിനായി ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായും ചട്ടവിരുദ്ധമായി കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയെന്നതുമടക്കമുള്ള വിവരങ്ങള്‍ നേരത്തെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതടക്കമുള്ള വിഷയങ്ങല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് വിജിലന്‍സ് ശ്രമിക്കുന്നത്.

 

 

 

Latest News