Sorry, you need to enable JavaScript to visit this website.

സി.പി.എം ഭീഷണിക്കെതിരെ സത്യഗ്രഹം നടത്തുന്നയാളുടെ ഓട്ടോ തീവെച്ചു

അഗ്‌നിക്കിരയാക്കിയ ഓട്ടോ.

കണ്ണൂർ- സി.പി.എം ഭീഷണിക്കെതിരെയും ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിയിലെ കുടുംബങ്ങളുടെ നേതാവിന്റെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. വെൽഫെയർ പാർട്ടി പ്രവർത്തകനായ കോളനിയിലെ കൃഷ്ണൻകുട്ടിയുടെ ഓട്ടോയാണ് അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം ഈ വാഹനത്തിന്റെ ചില്ല് തകർത്തിരുന്നു.


ഒടുവള്ളിത്തട്ട് ബസ് സ്റ്റാൻഡിനു സമീപത്തെ കോളനിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു വാഹനം. ഇന്നലെ പുലർച്ചെയാണ് ബൈക്കിലെത്തിയ സംഘം വാഹനത്തിന് തീവെച്ചത്. ഓട്ടോ പൂർണമായും കത്തിനശിച്ചു. സി.പി.എം അക്രമി സംഘം കോളനിയിൽ ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് കൃഷ്ണന്റെ നേതൃത്വത്തിൽ എട്ടു കുടുംബങ്ങൾ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ രണ്ട് ദിവസമായി സത്യാഗ്രഹം നടത്തി വരുന്നത്. ഇതിന് പിന്നാലെയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ മദ്യ നിർമാണത്തിനെതിരെ പരാതി നൽകിയ വിരോധത്തിൽ പ്രാദേശിക സി.പി.എം പ്രവർത്തകർ ആക്രമിക്കുന്നുവെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഇവർക്ക് പിന്തുണയുമായി എത്തിയ വെൽഫെയർ പാർട്ടി നേതാക്കൾക്കെതിരെയും ആക്രമണം നടന്നിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. മുനീർ, മണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച്. മൂസാൻ ഹാജി എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. 


ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവരിൽ ഒരാളാണ് ഓട്ടോ ഉടമയായ കൃഷ്ണൻകുട്ടി. ഇയാൾക്ക് നേരെ പല തവണ ഒടുവള്ളിത്തട്ടിൽ ആക്രമണം നടന്നിരുന്നു.

സി.പി.എം പ്രവർത്തകരാണ് ഓട്ടോറിക്ഷ കത്തിച്ചതെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ ആരോപിച്ചു.

 

Latest News