തിരുവനന്തപുരം- മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ ഈ മാസം എട്ടിന് കൊല്ലത്ത് വായ്പ യോഗ്യത നിര്‍ണയ ക്യാമ്പ് നടത്തും.
കാനറാ ബാങ്ക്, സെന്റനര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെയുള്ള ക്യാമ്പ് കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഡൈനിങ് ഹാളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം പ്രവാസം മതിയാക്കി സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരഭകര്‍ക്കു തത്സമയം വായ്പ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.
സംരഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org ല്‍ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ് ലോഡ്‌ചെയ്തു മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും രണ്ട് വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസലും, പകര്‍പ്പും,മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പില്‍ കൊണ്ടുവരണം. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. സി.എം.ഡി യുടെ സഹായ കേന്ദ്ര-8590602802, നോര്‍ക്ക റൂട്സ് ടോള്‍ ഫ്രീ -800 425 3939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്- മിസ്ഡ് കാള്‍ സേവനം), കൊല്ലം- 04742791373.