Sorry, you need to enable JavaScript to visit this website.

ബ്ലാക്‌മെയിൽ ചെയ്തത് രാഷ്ട്രീയക്കാരല്ല- ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- സോളാർ പ്രശ്‌നത്തിൽ ഒരാളുടെ ബ്ലാക് മെയിലിംഗിന് വിധേയനായെന്നും അതിൽ മാനസികമായ വിഷമം ഉണ്ടായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, തന്നെ ബ്ലാക് മെയിൽ ചെയ്തത് രാഷ്ട്രീയരംഗത്തുള്ള ആരുമല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

ഒരു ചെറിയ തെറ്റെങ്കിലും ചെയ്തിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്നുപോകുമായിരുന്നു. അതില്ലാത്തത് കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. നിയമത്തിന്‍റെയും വിശ്വാസത്തിന്‍റെയും മുന്നില്‍ തെറ്റുകാരനല്ലെന്നുറപ്പുണ്ട്. സോളാർ വിഷയത്തിൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് തന്നെ വേട്ടയാടുന്നതെന്നും  ഉമ്മൻ ചാണ്ടി പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിലെ ഒരു വാള്യത്തിനെന്ത് പറ്റി എന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം. അന്നത്തെ സർക്കാറിനെ അട്ടിമറിക്കാൻ പത്തുകോടി രൂപ വാഗ്ദാനമുണ്ടായതിനെ പറ്റി അഭിപ്രായം പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാൻ ഓപണായിരുന്നു. ആ അവസരം ആരെങ്കിലും ദുരുപയോഗം ചെയ്തുവെന്ന് തോന്നിയപ്പോഴെല്ലാം അതിനെ തടഞ്ഞിട്ടുണ്ട്. ഇതിലെല്ലാം എനിക്ക് ബന്ധമുണ്ടെന്നും സഹായിച്ചുവെന്നും പറയുന്നുണ്ട്. ആരെ സഹായിച്ചുവെന്ന് കമ്മീഷന് പറയാനില്ല. ഈ തട്ടിപ്പിന് വിധേയരായതിൽ ഒരേ ഒരു പരാതിയാണ് വന്നത്. അത് ഹൈക്കോടതി വിശദമായി പരിശോധിച്ച് തനിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ലൈംഗീക കാര്യങ്ങളിലേക്കാണ് കമ്മീഷൻ പോയത്. മുൻവിധികളോട് കൂടിയുള്ള, തൊട്ടുംതൊടാതെയുമുള്ള ശുപാർശകളാണ് കമ്മീഷൻ ഉയർത്തിയത്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതിനുള്ള പ്രചാരണത്തിനുള്ള സഹചര്യമാണ് കമ്മീഷൻ ഉണ്ടാക്കിയത്. നിയമപരമായി ഇതിനെ നേരിടും. നിയമത്തിന്റെ മുന്നിൽ ഒരുവിധത്തിലും പരാജയപ്പെടില്ല. 
വി.ആർ കൃഷ്ണയ്യരുടെ അടക്കമുള്ള കത്തുകൾ വാങ്ങിയാണ് സോളാർ സംഘം തട്ടിപ്പ് നടത്തിയത്. സമൂഹത്തിലെ ഉന്നതവ്യക്തികളെ സ്വാധീനിച്ചാണ് ഇവർ പ്രവർത്തിച്ചത്. ഗവൺമെന്റ് നിശ്ചയിച്ച മുഴുവൻ ടേംസ് ഓഫ് റഫറൻസും മാറ്റി. കമ്മീഷൻ റിപ്പോർട്ടിനെ നിയമപരമായി യു.ഡി.എഫ് നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഒപ്പിടാതെ ഒരു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു എന്നത് ഏറെ ഗൗരവകരമാണ്. ഉദാസീനമായ നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്. 
സരിതയെ കണ്ടിട്ടുണ്ടെങ്കിലും അവർ ആരാണെന്ന് തിരിച്ചറിഞ്ഞത് ബിജു രാധാകൃഷ്ണൻ പറഞ്ഞതിന് ശേഷമാണെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു.
 

Latest News