ഹൈദരാബാദില്‍ ശൈശവ വിവാഹം നടത്തിയത് തിരുവനന്തപുരം സ്വദേശി; രാജ്യം വിട്ടെന്ന് സൂചന

ഹൈദരാബാദ്- പതിനാറു വയസ്സുകാരിയെ വിവാഹം ചെയ്ത് ഹൈദരാബാദില്‍ കേസില്‍ കുടുങ്ങിയ മലയാളി അബ്ദുല്‍ ലത്തീഫ് പറമ്പന്‍ തിരുവനന്തപരും കിഴക്കേക്കോട്ട സ്വദേശി. ഹൈദരാബാദ് ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ബിസിനസുള്ള ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങിയതായാണ് സൂചന.
ബ്രോക്കര്‍മാര്‍ മുഖേന ഇയാള്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം കൂടി ചേര്‍ത്ത് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബന്ദ്‌ലഗുഡയിലെ റിതാജ് ഹോട്ടലില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറയുന്നു.
ആധാര്‍ കാര്‍ഡിലെ വിലാസമനുസരിച്ച് പോലീസ് തിരുവനന്തപുരത്തെത്തി ഇയാള്‍ക്കുവേണ്ടി തെച്ചില്‍ നടത്തിയിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാളായ മുഹമ്മദ് മീറാജുദ്ദീനാണ് കഴിഞ്ഞ 28ന് ഫലക്‌നുമ പോലീസില്‍ പരാതി നല്‍കിയത്.
മാതൃസഹോദരി ഹൂറുന്നിസയാണ് കടബാധ്യത തീര്‍ക്കുന്നതിന് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടിയെ പ്രായം കൂടിയ ആള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ പദ്ധതി തയാറാക്കിയത്. ഇവരുടെ ഭര്‍ത്താവ് മീര്‍ ഫര്‍ഹത്തുല്ല ഖാന്‍, മകന്‍ മീര്‍ റഹ്മത്തുല്ല, ബ്രോക്കര്‍മാരായ വസീം ഖാന്‍, മുഹമ്മദ് അബ്ദുറഹ്്മാന്‍, വ്യാജരേഖകള്‍ വിശ്വസിച്ച് വിവാഹം നടത്തിക്കൊടുത്ത മലക്പേട്ട് ഖാസി മുഹമ്മദ് ബദിയുദ്ദീന്‍ ക്വാദ്രി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഉമ്മ നേരത്തെ മരിച്ച പെണ്‍കുട്ടിയുടെ പിതാവ് കിടപ്പിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഹൂറുന്നിസ വിവാഹം നടത്തിയതെന്ന് പറയുന്നു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹൂറുന്നീസക്കെതിരെ കേസ്.  ഇളയ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.

വിവാഹം നടത്താനായി അബ്ദുല്‍ ലത്തീഫില്‍നിന്ന് ഹൂറുന്നീസ രണ്ടര ലക്ഷം രൂപ വാങ്ങിയിരുന്നു. ഒന്നര ലക്ഷം രൂപ സ്വന്തമായി എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാര്‍ക്കും പുരോഹിതനും വീതിച്ചുനല്‍കിയെന്നും പോലീസ് പറഞ്ഞു.

 

 

Latest News