ഒരു ബെഞ്ചകലത്തിലിരുന്ന് പഠിക്കുന്ന കുട്ടികളെ കാണാന്‍ മന്ത്രി മാഷെത്തി

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളോടൊപ്പം.

തൃശൂര്‍ - മാസ്‌കണിഞ്ഞും കൈകള്‍ സോപ്പിട്ടു കഴുകിയും ഒരു ബെഞ്ചകലത്തിലിരുന്ന് കുട്ടികള്‍ പഠിക്കുന്നത് കാണാന്‍ രവീന്ദ്രനാഥ് മാഷെത്തി. കുട്ടികള്‍ എങ്ങിനെ പുതിയ സാഹചര്യത്തില്‍ പൊരുത്തപ്പെടുന്നുവെന്നറിയാനുള്ള വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ സന്ദര്‍ശനം പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു. ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എങ്ങിനെ ഫീല്‍ ചെയ്തുവെന്ന് മാഷ് കൂടിയായ മന്ത്രി ചോദിച്ചറിഞ്ഞു.
ഇങ്ങനെ ഒരു അധ്യയനകാലം പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു കൂട്ടുകാരെ അകലം വെച്ച് കണ്ട് പരിചയം പുതുക്കിയ കുട്ടികള്‍ പ്രതികരിച്ചത്. എങ്കിലും മാസങ്ങള്‍ക്കു ശേഷം കൂട്ടുകാരെ കാണാന്‍ സാധിച്ചതിലെല്ലാവരും സന്തോഷം പങ്കിട്ടു. ക്ലാസിലെത്താതിരുന്നവര്‍ പതിവുപോലെ ഓണ്‍ലൈന്‍ വഴി ക്ലാസില്‍ പങ്കാളികളായി.
മാസങ്ങളോളം അടച്ചിട്ടതിനാല്‍ വിദ്യാലയങ്ങളെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. സ്‌കൂളും പരിസരവും, ടോയ്‌ലറ്റ്, ക്ലാസ്സ് മുറികള്‍, വാട്ടര്‍ ടാപ്പ്, കിണര്‍ എന്നിവ അണു നശീകരണം നടത്തി. ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നതിനാല്‍ പല കൂട്ടുകാരേയും കാണാന്‍ കഴിയാത്ത വിഷമം കുട്ടികള്‍ മന്ത്രി മാഷോട് പങ്കിട്ടു.
നന്നായി പഠിക്കണമെന്നും എല്ലാം ശരിയാകുമെന്നും കുട്ടികളോടു പറഞ്ഞാണ് മന്ത്രി മാഷ് യാത്രയായത്.

 

Latest News