നെടുമ്പാശേരി- ഹലാൽ ഉത്പന്നങ്ങൾ വിൽക്കരുതെന്നും കടയിൽ നിന്നും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കടയുടമക്ക് കത്ത് നൽകിയ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് സ്വദേശികളായ വട്ടപ്പറമ്പ് പിന്താളി വീട്ടിൽ സുജയ് സുബ്രഹ്മണ്യൻ (39), കരിപ്പാലത്തിൽ വയ്‌മേലി വീട്ടിൽ അരുൺ അരവിന്ദ് (30), കേഴിശേരിക്കര പീറ്റമുള്ളി വീട്ടിൽ ധനേഷ് പ്രഭാകരൻ (38), പൂനിലാവ് പറമ്പ് ലെനിൻ അയ്യപ്പൻ (38) എന്നിവരാണ് അറസ്റ്റിലായത്.
വാർത്തകൾ തത്സമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കുറുമശേരിയിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച മോദി ബേക്കറിയിൽ 'ഹലാൽ ഉത്പന്നങ്ങൾ' എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് നീക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും സൂചിപ്പിച്ച് ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി സ്ഥാപന ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. സംഭവം വിവാദമാകുകയും ഡി.വൈ.എഫ്.ഐ പാറക്കടവ് മേഖല കമ്മിറ്റി കടയുടമക്ക് സംരക്ഷണം നൽകാൻ രംഗത്തെത്തുകയും ചെയ്തു. ഇതേതുടർന്നാണ് പ്രതികൾക്കെതിരെ വർഗീയ ലഹളയുണ്ടാക്കുന്ന പ്രവർത്തിയെന്ന കുറ്റം ചുമത്തി ഐ.പി.സി 153 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പ്രതികളെ ജാമ്യത്തിൽ വിട്ടതായി എസ്.എച്ച്.ഒ ടി.കെ. ജോസ് പറഞ്ഞു.






