മുഴുവൻ ഗ്രാമങ്ങളിലും പൊതുഇടങ്ങൾ സ്ഥാപിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിൽ പ്രാദേശികതലത്തിൽ ആളുകൾക്ക് പ്രഭാതസായാഹ്ന സവാരി നടത്തുവാനും കുട്ടികൾക്ക് കളിക്കുവാനും പൊതുഇടങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങൾ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. 

ഉള്ള പൊതുഇടങ്ങൾ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കിൽ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം വിനിയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. ഘട്ടം ഘട്ടമായി ഈ പരിപാടി വ്യാപിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും ഒരു പൊതു ഇടമെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വയോജനങ്ങൾക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങൾ പലയിടത്തും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങൾക്കും ഒത്തുചേർന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാൻ പറ്റുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Latest News