ഇടുക്കി- 2001ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയതാണ് മതികെട്ടാൻ മഴക്കാടുകൾ. ഇതിന്റെ തുടർച്ചയായാണ് 1281.7419 ഹെക്ടർ സ്ഥലം 2003ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മതികെട്ടാൻചോലയുടെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റർ കൂടി പരിസ്ഥിതി ദുർബല പ്രദേശം ആയി പ്രഖ്യാപിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കി. 17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുർബല പ്രദേശം ആകുക. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങൾ ആണ് വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുർബല പ്രദേശം ആകുന്നത്.
2002 ഏപ്രിൽ 16ന് അന്നത്തെ വനം മന്ത്രി കെ.സുധാകരൻ നടത്തിയ സന്ദർശനത്തോടെയാണ് മതികെട്ടാനിൽ നിന്നും വിവാദം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് പത്രസമ്മേളനത്തിൽ മന്ത്രി നടത്തിയ പ്രസ്താവനകൾ യു.ഡി.എഫിൽ പൊട്ടിത്തെറിയുണ്ടാക്കി. ഘോരവനമായ മതികെട്ടാൻ തരിശ് ഭൂമിയാണെന്ന റിപ്പോർട്ട് നൽകി അന്നത്തെ ജില്ലാ കലക്ടർ ടി.ജെ.മാത്യു സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇതേ തുടർന്ന് അവിടത്തെ മൂവായിരം ഏക്കറോളം വനഭൂമി കൈയേറ്റ മാഫിയ കൈവശപ്പെടുത്തിയെന്നും അതിന്റെ നേതാവ് കലക്ടറുടെ സഹോദരൻ ടി.ജെ.ബിജോയിയാണെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
2001 ഒക്‌ടോബർ- നവംബർ മാസങ്ങളിൽ സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ ഗോത്രമഹാസഭ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ കുടിൽകെട്ടൽ സമരത്തിന്റെ ഒത്തുതീർപ്പനുസരിച്ച് മതികെട്ടാനിലെ 900 ഹെക്ടർ വനഭൂമി ആദിവാസികൾക്ക് പതിച്ചുനൽകാൻ ധാരണയായിരുന്നു. ഇതിന്റെ മറവിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ പ്രമാണിമാർ മതികെട്ടാൻ കാട് വെട്ടിപ്പിടിച്ചു. വൻമരങ്ങൾ വെട്ടി നശിപ്പിച്ച് ഏലച്ചെടികൾ നട്ടു. ഷെഡുകൾ മുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വരെ പണിതുയർത്തി.
മന്ത്രി സുധാകരന്റെ വെളിപ്പെടുത്തലുകളുടെ പേരിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ റവന്യു മന്ത്രി കെ.എം.മാണി അദ്ദേഹവുമായി കൊമ്പുകോർത്തു. തുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറി എൻ.ചന്ദ്രശേഖരൻ നായരെ സർക്കാർ കൈയേറ്റം അന്വേഷിക്കാൻ നിയോഗിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറടക്കം ഒരു ഡസനോളം ഉദ്യോഗസ്ഥർ സസ്‌പെൻഷനിലായി. മതികെട്ടാനിൽ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. 2002 ഒക്‌ടോബർ 17ന് മതികെട്ടാൻ ചോല അടങ്ങുന്ന ഉടുമ്പഞ്ചോല താലൂക്ക് പൂപ്പാറ വില്ലേജിലെ 1281.7419 ഹെക്ടർ സ്ഥലം റവന്യൂ വകുപ്പിൽ നിന്നും വനം വകുപ്പിന് കൈമാറി.കൈയേറ്റ വിവാദമുണ്ടായതിന് ശേഷം മതികെട്ടാനിലെത്തിയ ആദ്യരാഷ്ട്രീയ നേതാവ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു. 2002 ഏപ്രിൽ 20നായിരുന്നു വി.എസിന്റെ സന്ദർശനം. റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം 14 പേരെ പ്രതികളാക്കി കൈയേറ്റം അന്വേഷിച്ച വിജിലൻസ് 2007 ഫെബ്രുവരി ഒമ്പതിന് തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.