Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിന് അനുമതി

ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് വാക്‌സീൻ ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നൽകി. ഓക്‌സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക്കയും ചേർന്നു വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റിയൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സീൻ ഉപയോഗത്തിനാണ് അനുമതി. ഡ്രഗ്‌സ് കൺട്രോളർ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ ഇന്ത്യയിൽ വാക്‌സീൻ വിതരണത്തിനു തുടക്കമാകും.

മറ്റു രണ്ടു വാക്‌സീനുകളുടെ അപേക്ഷകളിൽ വിദഗ്ധ പരിശോധന തുടരുകയാണ്. കോവിഷീൽഡ് വാക്‌സീന് 62% മുതൽ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീൽ എന്നിവിടങ്ങളിലായി നടന്ന ട്രയൽഫലം. കോവിഡ് വാക്‌സീൻ വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാൻ ശനിയാഴ്ച രാജ്യമാകെ ഡ്രൈ റൺ' റിഹേഴ്‌സൽ ആരംഭിക്കാനിരിക്കെയാണു വാക്‌സീൻ ഉപയോഗത്തിന് അനുമതി ലഭിച്ചത്.

ഫൈസർ, ഓക്‌സ്‌ഫോർഡ് ആസ്ട്ര സെനേക് വാക്‌സിൻ, ഭാരത് ബയോടെകിന്റെ കോവാക്‌സിൻ എന്നീ മൂന്ന് മരുന്നുകൾക്ക് അടിയന്തര അംഗീകാരം നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാന്നാണ് ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിലുള്ള വിദഗ്ധ സമിതി ഇന്നു യോഗം ചേർന്നത്. മരുന്നു കമ്പനികൾ നൽകി വിവരങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി ചേരുന്ന രണ്ടാംഘട്ട യോഗമാണിത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വാക്‌സിനുകൾക്ക് അംഗീകാരം നൽകാനുള്ള നടപടിക്രമങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്. മരുന്നു പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ റിപ്പോർട്ടുകളാണു പരിശോധിക്കുന്നത്. സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഡിസിജിഐ വി.ജെ സൊമാനി പറഞ്ഞു. ഉത്പാദനത്തിനും സംഭരണത്തിനുമുള്ള ലൈസൻസ് ലഭിച്ചാൽ ഓക്‌സ്‌ഫോർഡ് ആസ്ട്ര സെനേകയ്ക്ക് 75 മില്യൺ ഡോസ് വാക്‌സിൻ സംഭരിച്ചു വെക്കാൻ കഴിയും. ജനുവരി ആദ്യവാരം തന്നെ ഒരു മില്യൺ ഡോസ് സംഭരിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ഉമേഷ് ഷാലിഗം പറഞ്ഞത്. ഇരുവരും ഒരു വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. 
    ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ തന്നെ ജനങ്ങൾക്ക് ലഭിക്കുമെന്നാണ് ഗുജറാത്തിലെ രാജ്‌കോട്ടിൽ എയിംസിന് ശ്ിലാസ്ഥാപനം നടത്തവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു നൽകിയത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞുപോകുന്നത് ഒരുപാട് വെല്ലുവിളികൾ നേരിട്ട  വർഷമാണ്. ആഗോള ആരോഗ്യമേഖലയുടെ നാഡീകേന്ദ്രമായി ഇന്ത്യ ഉയരുകയാണ്. 2021ൽ ആരോഗ്യമേഖലയിൽ ഇന്ത്യയുടെ പ്രാപ്തി കൂടുതൽ വർദ്ധിപ്പിക്കുമെന്നും മോഡി പറഞ്ഞു.  
    

Latest News