ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവം: ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ചു

ന്യൂദല്‍ഹി- ഖൈബര്‍ പഖ്തൂന്‍ഖ്‌വയിലെ കരാക് ജില്ലയില്‍ കഴിഞ്ഞ ദിവസം ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. ഔദ്യോഗികമായി തന്നെ ഇക്കാര്യം പാക്കിസ്ഥാനെ അറിയിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകുയം ചെയ്തതായി പേരു വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.  ബുധനാഴ്ചയാണ് പാക്കിസ്ഥാനിലെ ശ്രീ പരമഹംസ് ജി മഹാരാജ് സമാധായിയും കൃഷ്ണ ദ്വാര മന്ദിറും ആള്‍ക്കൂട്ടം തകര്‍ത്തത്. അധിക ഭൂമി കയ്യേറി എന്നാരോപിച്ചായിരുന്നു ആക്രമണം. ഒരു പ്രാദേശിക ഇസ്ലാമിക് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ആക്രമികള്‍ സംഘടിച്ചെത്തിയത്. പാക്കിസ്ഥാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സംഭവം സ്വമേധയാ പരിഗണിച്ചിട്ടുണ്ട്. 

ക്ഷേത്രം ഭൂമി അധികമായി കയ്യേറിയിട്ടില്ലെന്ന് അഭിഭാഷകനായ രോഹിത് കുമാര്‍ പറഞ്ഞു. അതിനിടെ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് ഹിന്ദു വിശ്വാസികള്‍ കറാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ഈ ക്ഷേത്രം 1997ലും ആക്രമിക്കപ്പെട്ടിരുന്നു. 2015ല്‍ സുപ്രീം കോടതി ഇടപെടലിനെ തുര്‍ന്ന് പ്രദേശ വാസികള്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഈ പുനര്‍നിര്‍മാണത്തിനായി അനുവദിച്ച ഭൂമിയെ ചൊല്ലിയുണ്ടായ തെറ്റിദ്ധാരണകളാണ് പുതിയ ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Latest News