പാക്കിസ്ഥാന്‍ വനിത യു.പിയില്‍ പഞ്ചായത്ത് അധ്യക്ഷ

ലഖ്‌നൗ-വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകര്‍ ആളുകളെ പാക്കിസ്ഥാനിലേക്ക് അയക്കലൊക്കെ പഴയ കഥ. ഇപ്പോഴിതാ പാക്കിസ്ഥാനില്‍നിന്നുള്ള വനിത ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിലെത്തി. സംഭവം വിവാദമായതോടെ  അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്. ഇറ്റാവ ജില്ലക്കാരനായ ഒരാളെ വിവാഹം കഴിഞ്ഞ് 40 വര്‍ഷമായി അവിടെ താമസിക്കുകയാണ് അവര്‍.പാക് പൗരയാണെന്ന് വ്യക്തമായതോടെ ബാനൂ ബീഗത്തെ ഗ്രാം പ്രഥാന്‍ പദവിയില്‍നിന്ന് നീക്കിയതായും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഇറ്റാവ ജില്ലാ ഗ്രാമപഞ്ചായത്തിരാജ് ഓഫീസര്‍ അലോക് പ്രിയദര്‍ശി പറഞ്ഞു. അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാക് വനിതയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പിന്നീട് ഇടക്കാല അധിക്ഷയാകാനും കഴിയുന്ന തരത്തില്‍ അവര്‍ക്ക് ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേട്ട് ഉത്തരവിട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബന്ധുക്കളെ കാണാന്‍ ബാനു ബീഗം ഇന്ത്യയിലെത്തുന്നത്. പിന്നീട് അക്തര്‍ അലി എന്നയാളെ വിവാഹം കഴിച്ച് ദീര്‍ഘകാല വിസയുടെ പിന്‍ബലത്തോടെ യു.പിയിലെ ഇറ്റാവയില്‍ താമസം തുടര്‍ന്നു. പലതവണ അവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചുവെങ്കിലും അനുവദിക്കപ്പെട്ടില്ല. ഗ്രാമവാസിയായ ഒരാള്‍ പരാതി നല്‍കിയതോടെയാണ് ബാനു ബീഗം പാക് പൗരയാണെന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് അവര്‍ പഞ്ചായത്ത് അംഗമായത്. 2020 ജനുവരിയില്‍ ഗ്രാം പ്രഥാന്‍ ഷെഹ്‌നാസ് ബീഗം മരിച്ചതോടെയാണ് അവര്‍ ഇടക്കാല അധ്യക്ഷയായതെന്ന് അധികൃതര്‍ പറഞ്ഞു. 
 

Latest News