കുടുംബ വഴക്കില്‍ സഹികെട്ട കര്‍ഷകന്‍ പാതി സ്വത്ത് വളര്‍ത്തുപട്ടിയുടെ പേരിലെഴുതി

ഭോപാല്‍- കാലങ്ങളായി തുടരുന്ന കുടുംബ വഴക്കില്‍ സഹികെട്ട് മധ്യവയസ്‌ക്കനായ കര്‍ഷകന്‍ തന്റെ സ്വത്തിന്റെ പാതി അവകാശം സ്വന്തം വളര്‍ത്തു പട്ടിയുടെ പേരിലാക്കി വില്‍ പത്രമെഴുതി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലെ ബഡിവാര സ്വദേശിയായ 50കാരന്‍ ഓം നാരായണ വര്‍മയാണ് തന്റെ മരണശേഷമുള്ള സ്വത്തവകാശം രണ്ടാം ഭാര്യ ചംപ ബായിയുടേയും വളര്‍ത്തു പട്ടി ജാക്കിയുടേയും പേരിലാക്കിയത്. നിയമ പ്രകാരമുള്ള വില്‍പത്രമാണ് വര്‍മ തയാറാക്കിയിരിക്കുന്നത്. രണ്ടാം ഭാര്യയും ജാക്കിയും മാത്രമാണ് തന്നെ സംരക്ഷിക്കുന്നതവും അവരോട് വലിയ സ്‌നേഹമുണ്ടെന്നും വര്‍മ വില്‍പത്രത്തില്‍ പറയുന്നു.  തന്റെ കാലശേഷം ജാക്കിയെ ആരു സംരക്ഷിക്കുന്നുവോ അവര്‍ക്ക് പട്ടിയുടെ പേരിലുള്ള സ്വത്തിന് അവകാശമുണ്ടായിരിക്കുമെന്നും ഇത് വളര്‍ത്തു പട്ടിയുടെ ക്ഷേമം ഉറപ്പുവരുത്താനാണെന്നും വില്‍പത്രത്തില്‍ വര്‍മ വ്യക്തമാക്കുന്നു. 

കുടുംബത്തിനകത്തെ പകയില്‍ മനംമടുത്താണ് ഈ വില്‍പത്രം തയാറാക്കിയതെന്ന് വര്‍മ പറയുന്നു. അതേസമയം വ്യാഴാഴ്ച ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

21 ഏക്കര്‍ ഭൂമിയാണ് വര്‍മയ്ക്കുള്ളത്. രണ്ടു ഭാര്യമാരുമുണ്ട്. ആദ്യ ഭാരയില്‍ രണ്ടു പെണ്‍മക്കളും ഒരു  മകനും രണ്ടാം ഭാര്യയില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് വര്‍മ ഇപ്പോള്‍.

Latest News