വിറ്റ സിഗരറ്റിന് പണം ചോദിച്ച കടയുടമയെ പോലീസുകാരന്‍ കാര്‍ കയറ്റി കൊന്നു

ഡെറാഡൂണ്‍- സിഗരറ്റ് വാങ്ങി പണം നല്‍കാതെ പോകാന്‍ തുനിഞ്ഞ പോലീസ് കോണ്‍സ്റ്റബിളിനോട് പണം ചോദിച്ച കടയുടമയെ പോലീസുകാരനും കൂട്ടുകാരും ചേര്‍ന്ന് കാര്‍ ഇടിച്ചു കയറ്റി കൊന്നു. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗര്‍ ജില്ലയിലെ ബസ്പൂരില്‍ ബുധനാഴ്ച രാത്രിയാണ് ദാരുണ കൊലാതകം നടന്നത്. കട നടത്തുകയായിരുന്ന 28കാരന്‍ ഗൗരവ് രൊഹെല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം മുങ്ങിയ പ്രതി പോലീസ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍ കുമാറിനേയും കൂടെ ഉണ്ടായിരുന്ന രണ്ടു പേരേയും പോലീസ് പിന്നീട് പിടികൂടി അറസ്റ്റ് ചെയ്തു. 

പ്രവീണ്‍ കുമാര്‍, ഭാര്യാ സഹോദരന്‍ ജീവന്‍ കുമാര്‍, ഗൗരവ് റാത്തോഡ് എന്നിവര്‍ കാറിലെത്തി കടയില്‍ നിന്നും സിഗരറ്റ് വാങ്ങി. ശേഷം പണം നല്‍കാതെ പോകാന്‍ തുനിഞ്ഞപ്പോള്‍ കടയുടമ ഗൗരവ് രൊഹെല്ല ഇത് ചോദ്യം ചെയ്തത് തകര്‍ത്തിനിടയാക്കി. പോലീസുകാരനും കൂടെയുണ്ടായിരുന്നവരും രൊഹെല്ലയെ തെറിവിളിക്കുകയും അവഹേളിക്കുകയും ചെയ്തതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെയാണ് പ്രവീണ്‍ കുമാര്‍ രൊഹെല്ലയെ കാര്‍ ഇടിച്ചുകയറ്റി കൊലപ്പെടുത്തിയത്. രൊഹെല്ലയുടെ സഹോദരന്‍ അജയും സംഭവ സമയം കടയില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാര്‍ കയറി പരിക്കേറ്റ രൊഹെല്ലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു.

പിന്നീട് രൊഹെല്ലയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ച് ബസ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വ്യാഴാഴ്ച രാവിലെയാണ് മൂന്ന് പ്രതികളേയും പിടികൂടിയത്. ഇവര്‍ക്കെതിരെ കൊലപാതകം അടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
 

Latest News