Sorry, you need to enable JavaScript to visit this website.

യൂറോപ്യന്‍ യൂണിയനോട് വിട; ബ്രിട്ടന്‍ ഇനി സ്വതന്ത്രം

ലണ്ടന്‍- യൂറോപ്യന്‍ ശക്തികളുടെ കൂട്ടായ്മയായ യുറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പൂര്‍ണമായും പുറത്തായി. നാലര വര്‍ഷം നീണ്ടു നിന്ന ബ്രെക്‌സിറ്റ് പ്രക്രിയയുടെ കാലാവധി അവസാനിച്ചതോടെയാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തായത്. 48 വര്‍ഷമായി ബ്രിട്ടന്‍ ഇ.യു അംഗരാജ്യമായിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളാണ് യുണിയനിലുള്ളത്. 2016 ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് ഭൂരിപക്ഷം ബ്രിട്ടീഷ് ജനതയും യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദത്തെ അനുകൂലിച്ചത്. പിന്നീട് വാദങ്ങളും വിവാദങ്ങളുമായി പ്രതിസന്ധികളുമായി. രണ്ടു പ്രധാനമന്ത്രിമാര്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കാനാവാതെ പദവി ഒഴിഞ്ഞു. 

രാജ്യ ഇപ്പോള്‍ പൂര്‍ണ സ്വതന്ത്രമായെന്നും ഇനി സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടന്‍ ഇ.യു വിട്ടത്. പുതുവര്‍ഷാരംഭത്തോടെ ബ്രിട്ടന് സ്വതന്ത്രമായി കൂടുതല്‍ കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനാകും. വേണ്ടി വന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു സൗഹൃദ രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാകും. ലോക രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാര കരാറുകളുണ്ടാക്കാനും കഴിയും- പ്രധാനമന്ത്രി പറഞ്ഞു.
 

Latest News