ജനീവ- ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറും ബയോണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. ബ്രിട്ടന്‍, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നേരത്തെ തന്നെ അനുമതി ലഭിച്ച ഈ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കൂടി ലഭിച്ചതോടെ ലോകവ്യാപകമായി മറ്റു രാജ്യങ്ങളിലും ഇതുപയോഗിക്കാന്‍ വഴിയൊരുങ്ങി. വാക്‌സിന്‍ ലഭ്യമല്ലാത്ത രാജ്യങ്ങള്‍ക്കിനി വേഗത്തില്‍ അനുമതി നല്‍കാം.
ഒരു വര്‍ഷം മുമ്പ് നോവല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനു ശേഷം ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ആദ്യ പ്രതിരോധ മരുന്നാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍. ലോകത്ത് എല്ലായിടത്തും വാക്‌സിന്‍ ഉറപ്പാക്കുന്നതിനുള്ള ആദ്യ സുപ്രധാന ചുവടുവെപ്പാണിതെന്ന് ലോകാരോഗ്യ സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥയായ മരിയാഞ്ചെല സിമാവോ പറഞ്ഞു. പ്രതിരോധ മരുന്ന് ആഗോള തലത്തില്‍ എല്ലായിടത്തും മുന്‍ഗണനാക്രമത്തില്‍ ലഭിക്കേണ്ടവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.