പാലക്കാട്- ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി ചരടുവലികൾ സജീവം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വി.െക.ശ്രീകണ്ഠൻ എം.പിക്ക് പകരം മറ്റൊരാൾ ഡി.സി.സി അധ്യക്ഷനാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കരുനീക്കങ്ങൾ നടക്കുന്നത്. ലോകസഭാംഗം എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തമുള്ളവരെ ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോൺഗ്രസിൽ ധാരണയായിട്ടുണ്ട്. അതനുസരിച്ച് പാലക്കാട്ടും മാറ്റം ഉണ്ടാവും. നിലവിൽ തങ്ങൾ കൈവശം വെച്ചിരിക്കുന്ന ജില്ലയിൽ തുടർന്നും തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പ്രസിഡന്റ് ആകണമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ വാദം. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.വി.രാജേഷിന്റെ പേരാണ് ആ ക്യാമ്പിൽ പ്രധാനമായും ഉയർന്നു കേൾക്കുന്നത്. നിലവിലുള്ള ഡി.സി.സി പ്രസിഡന്റിന്റെ സന്തതസഹചാരിയാണ് രാജേഷ്.
എന്നാൽ ഇക്കുറി തങ്ങൾക്ക് നേതൃസ്ഥാനം ലഭിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. മുതിർന്ന നേതാവും നിലവിൽ യു.ഡി.എഫ് ജില്ലാ ചെയർമാനുമായ എ.രാമസ്വാമിയുടെ പേരാണ് പ്രധാനമായും അവർ മുന്നോട്ടു വെക്കുന്നത്.
ഗ്രൂപ്പുകൾക്കതീതമായി ജില്ലാ പ്രസിഡന്റിനെ നിശ്ചയിക്കണമെന്ന വാദവും കോൺഗ്രസിൽ ശക്തിപ്പെടുന്നുണ്ട്. എ.വി.ഗോപിനാഥിനെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെ കളത്തിലിറക്കി പാർട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കണമെന്നാണ് അവരുടെ അഭിപ്രായം. നേരത്തേ രണ്ടു വർഷം ഡി.സി.സി പ്രസിഡന്റായിരുന്ന ഗോപിനാഥ് 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് സതീശൻ പാച്ചേനി ആയിരത്തിലധികം വോട്ടിന് തോറ്റതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയുകയായിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ആലത്തൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സംഘാടകനാണ്. കെ.കരുണാകരന്റെ പ്രതാപ കാലത്ത് തിരുത്തൽവാദികളുടെ കൂടെച്ചേർന്ന ഗോപിനാഥ് നിലവിൽ ഒരു ഗ്രൂപ്പിനോടും മമത കാണിക്കാത്ത നേതാവാണ്.
ആരു നേതൃത്വം ഏറ്റെടുത്താലും ജോലി എളുപ്പമാവില്ല എന്നതാണ് കോൺഗ്രസ് ജില്ലാ ഘടകത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ കാര്യം. പഞ്ചായത്ത്,നഗരസഭാ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഏൽപിച്ച പരിക്ക് ചെറുതല്ല. തോൽവിയെക്കാളും കോൺഗ്രസിനെ അലട്ടുന്നത് പാളയത്തിലെ പടയാണ്. പരമ്പരാഗത ശക്തിേകന്ദ്രങ്ങളായ പട്ടാമ്പി, ചിറ്റൂർ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിന് വിനയായത് കോൺഗ്രസിലെ ചേരിപ്പോരായിരുന്നു. അതിന്റെ പേരിൽ അച്ചടക്കനടപടികൾ തുടരുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ ഉറച്ച കോട്ടയായ പാലക്കാട്ടു പോലും നടപടികളുടെ പരമ്പര തന്നെ ഉണ്ടായി. പാർട്ടിക്കകത്ത് കാര്യമായ കൂടിയാലോചനകളില്ലാതെ പാലക്കാട് എം.പിയും എം.എൽ.എയും ചേർന്ന് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതായുള്ള പരാതി പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പിനു ശേഷം ശക്തിപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.അച്യുതനെപ്പോലുള്ളവരും അസ്വസ്ഥരാണ്. ആടിയുലഞ്ഞു നിൽക്കുന്ന പാർട്ടി സംവിധാനത്തെ കുറഞ്ഞ സമയത്തിനുള്ളിൽ ചെത്തിമിനുക്കി തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ആര് നേതൃത്വത്തിൽ വന്നാലും അവരെ കാത്തിരിക്കുന്നത്.