അൽബാഹ- നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകിയ കേസിൽ സൗദി പൗരൻ ഫായിസ് അഹ്മദ് അൽശംബരിയെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് സമിതി ഒരു വർഷം തടവിന് ശിക്ഷിച്ചു. ഇയാൾക്ക് ഒമ്പതര ലക്ഷം റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. അൽബാഹ പ്രവിശ്യയിലെ അൽഹജ്‌റയിൽ 19 നുഴഞ്ഞുകയറ്റക്കാരെ കടത്തിയതിനാണ് സൗദി പൗരനെ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് സമിതി ശിക്ഷിച്ചത്.
നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾക്ക് 50,000 റിയാൽ തോതിലാണ് സൗദി പൗരന് പിഴ ചുമത്തിയത്. നുഴഞ്ഞുകയറ്റക്കാർക്കും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നൽകരുതെന്ന് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന്, തൊഴിലവസരങ്ങളും താമസവും യാത്രാ സൗകര്യവും ലഭ്യമാക്കുന്നതിന് ആവശ്യമായ ഒരുവിധ സഹായങ്ങളും നിയമ ലംഘകർക്ക് നൽകരുതെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.