സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ മേയ് നാല് മുതല്‍

ന്യൂദല്‍ഹി- സി.ബി.എസ്.ഇ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷ  മേയ് നാല് മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രായാല്‍ നിശാങ്ക് അറിയിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ബോർഡ് പരീക്ഷകള്‍ ജൂണ്‍ പത്തിനാണ് അവസാനിക്കുക. ജൂലൈ 15 ഓടെ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നും കരുതുന്നു.

തീവ്രവ്യാപന സ്വഭാവമുള്ള പുതിയ കൊറോണ വൈറസ് കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷാ തീയതികള്‍ സംബന്ധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പാഠ ഭാഗങ്ങള്‍ തീരാത്തതിനാല്‍ പരീക്ഷകള്‍ ഏപ്രില്‍-മെയ് മാസത്തേക്ക് നീട്ടണമെന്ന് ഒരു വിഭാഗം വിദ്യാർഥികള്‍ ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ പരീക്ഷ നടത്തില്ലെന്നും സാധാരണ പോലെ എഴുത്തു പരീക്ഷയായിരിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമുണ്ടാകും. കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവിധ വിഷയങ്ങളിലെ മാതൃക ചോദ്യപേപ്പറും സിബിഎസ്ഇ തയാറാക്കിയിട്ടുണ്ട്.

 

 

Latest News