Sorry, you need to enable JavaScript to visit this website.

വർഗീയ ഫാസിസ്റ്റ് കക്ഷികളുമായി സി.പി.എം സഖ്യമുണ്ടാക്കി -ബാബു ജോർജ്‌

പത്തനംതിട്ട- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും സി.പി.എം സഖ്യമുണ്ടാക്കിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ആരോപിച്ചു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയെ ബി.ജെ.പി പിന്തുണച്ചു. ബി.ജെ. പിയുടെയോ മറ്റ് വർഗീയ കക്ഷികളുടെയോ പിന്തുണ വേണ്ടെന്ന് സി.പി.എം പരസ്യമായി പറയാതിരുന്നത് ഇവരുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു. പത്തനംതിട്ട നഗരസഭയിൽ വർഗീയ ഫാസിസ്റ്റ് കക്ഷിയായ എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മത്സരിച്ച് സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണ സ്വീകരിക്കുകയും അവരെ വൈസ് ചെയർപേഴ്‌സൺ ആക്കുകയും ചെയ്തു. കോട്ടാങ്ങൽ പഞ്ചായത്തിലും സി.പി.എം എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചു. വർഗീയത തുലയട്ടെ എന്ന് ചുവരെഴുതുകയും വർഗീയ കക്ഷികളുമായി രഹസ്യബന്ധം സ്ഥാപിക്കുന്നതും സി.പി.എമ്മിന്റെ ഒരു രീതിയാണെന്ന് ബാബു ജോർജ് പറഞ്ഞു.


വർഗീയ കക്ഷികളുടെ സഹായം ഒരു സ്ഥലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. എന്നാൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും ഇവരുമായി സി.പിഎം സഖ്യത്തിലായിരുന്നു. കോൺഗ്രസിനെ തകർക്കാൻ ഏതു ചെകുത്താനേയും കൂട്ടുപിടിക്കുമെന്ന ഇ.എം.എസിന്റെ ശൈലിയാണ് ഈ തെരഞ്ഞെടുപ്പിൽ സി.പി.എം അനുവർത്തിച്ചത്. കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി തുടർഭരണത്തിന് ശ്രമിക്കുന്ന സി.പി.എം വർഗീയകക്ഷികളെ താലോലിക്കുന്നതുവഴി വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രിയിൽ പല പഞ്ചായത്തുകളിലും സ്വതന്ത്രന്മാരെ ചാക്കിട്ടു പിടിക്കുന്നതിന് സി.പി.എം നേതാക്കൾതന്നെ നേരിട്ട് ഇറങ്ങി. ലക്ഷക്കണക്കിന് രൂപയാണ് പലർക്കും വാഗ്ദാനം ചെയ്തത്. ചിറ്റാറിൽ കോൺഗ്രസ് അംഗത്തെ കൂറുമാറ്റി ഭരണം പിടിച്ചു. ഭരണം പിടിക്കാൻ എന്ത് അധാർമികതയും സി.പി.എം ചെയ്യുമെന്നുള്ളതിന് ഉദാഹരണമാണ് ചിറ്റാറിൽ നടന്നത്. വർഗീയ ശക്തികളുടെ സഹായത്തോടുകൂടി നേടിയ സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ സി.പി.എം തയാറാകുമോ എന്നു ബാബു ജോർജ് ചോദിച്ചു.

 

Latest News