റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദിയയിൽ 50 സൗദി യുവതികളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുന്നു. സൗദിയക്കു കീഴിലെ ജിദ്ദ, റിയാദ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നതിനാണ് സ്വദേശി യുവതികളെ റിക്രൂട്ട് ചെയ്യുന്നത്. രണ്ടു മാസം പരിശീലനം നൽകിയാണ് യുവതികളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുക.
എയർ ഹോസ്റ്റസുമാരായി സൗദി യുവതികളെ നിയമിക്കാൻ സൗദിയ നേരത്തെ തീരുമാനിച്ചിരുന്നു. സെക്കണ്ടറിയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും 20 നും 30 നും ഇടയിൽ പ്രായമുള്ളവരെയുമാണ് എയർ ഹോസ്റ്റസുമാരായി സൗദിയ നിയമിക്കുന്നത്. ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണമെന്നും ശരീരഭാരം ഉയരത്തിന് അനുസൃതമായിരിക്കണമെന്നും മെഡിക്കൽ ടെസ്റ്റ് പാസാകണമെന്നും വ്യവസ്ഥയുണ്ട്.