കാമുകനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ അച്ഛന്‍ വെടിവച്ചു കൊന്നു, കാമുകന്റെ സഹോദരനും കൊല്ലപ്പെട്ടു

ചണ്ഡീഗഢ്- ഹരിയാനയിലെ റോത്തക്കില്‍ വിവാഹത്തിനൊരുങ്ങിയ കാമുകിക്കും കാമുകനും നേര്‍ക്ക് പെണ്‍കുട്ടിയുടെ അച്ഛന്‍ വെടിയുതിര്‍ത്തു. വെടിയേറ്റ പൂജ തല്‍ക്ഷണം മരിച്ചു. കൂടെ ഉണ്ടായിരുന്ന കാമുകന്‍ മോഹിതിന്റെ സഹോദരനും വെടിയേറ്റു മരിച്ചതായി പോലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ മോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ജാട്ട് സമുദായക്കാരാണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വിവാഹം പൂജയുടെ അച്ഛന്‍ എതിര്‍ത്തിരുന്നു. റോത്തക്കിലെ ദല്‍ഹി ബൈപാസ് പരിസരത്തെ ആള്‍ത്തിരക്കുള്ള സ്ഥലത്താണ് ബുധനാഴ്ച സംഭവം നടന്നത്. പൂജയുടെ പ്രണയ വിവാഹത്തെ അച്ഛന്‍ കുല്‍ദീപ് നേരത്തെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വിവാഹ രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതിയിലേക്ക് വരാന്‍ തയാറായി. എന്നാല്‍ ഇത് അവസരമാക്കിയെടുത്ത് കുല്‍ദീപ് പൂജയേയും കൂടെ ഉണ്ടായിരുന്നവരേയും വെടിവെക്കുകയായിരുന്നു. വെടിവച്ച ശേഷം കുല്‍ദീപ് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News