നോട്ട് നിരോധത്തോടെ സാമ്പത്തിക രംഗത്തെ ക്രയവിക്രയം കുറഞ്ഞു. ഇതോടൊപ്പം ജി.എസ്.ടി കൂടിയായപ്പോൾ സർവ മേഖലയും മാന്ദ്യത്തിന്റെ പിടിയിലമർന്നു. ഗൾഫ് നാടുകളിൽനിന്ന് നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയുക കൂടി ചെയ്തതോടെ ഈ മേഖലകളിലെല്ലാം പരിചയ സമ്പന്നരായവർക്കു പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രംഗത്തൊന്നും അത്രയേറെ പരിചയമില്ലാത്ത, നാട്ടിലൊരു വരുമാനം കണ്ടെത്താനിറങ്ങിയ പ്രവാസികളുടെ അവസ്ഥ പറയുകയും വേണ്ട.
നോട്ട് നിരോധനം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും പ്രവാസികളുടെ മനോനൊമ്പരങ്ങൾക്ക് ഇനിയും അറുതിയായില്ല. ഗൾഫ് പ്രതിസന്ധിയിലുഴയുന്ന പ്രവാസികൾക്ക് കൂനിൻമേൽ കുരു എന്ന പോലെയായി നരേന്ദ്ര മോഡി സർക്കാരിന്റെ വമ്പൻ പരാജയ പരിഷ്‌കാരമായ നോട്ട് നിരോധനം. കഴിഞ്ഞ വർഷം ഇതേ സമയം പ്രഖ്യാപിച്ച നോട്ട് നിരോധനം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയാണ് ബാധിച്ചതെങ്കിൽ പ്രവാസികൾ തങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കാൻ നടത്തിയിരുന്ന പരിശ്രമങ്ങളിന്മേലാണ് കരിനിഴൽ വീഴ്ത്തിയത്. കൈവശം സൂക്ഷിച്ചിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നാട്ടിലില്ലാതിരുന്നതിനാൽ നിശ്ചിത സമയത്തിനകം മാറ്റിയെടുക്കാനായില്ലെന്നതിനേക്കാളുമുപരി നാളേക്കായി കരുതിയിരുന്ന പലതിനും വിലയില്ലാതായി. ഇതോടെ പലരുടെയും കണക്കു കൂട്ടലുകൾ തെറ്റി. ഗൾഫ് പ്രതിസന്ധിയും നോട്ട് നിരോധനം തീർത്ത പൊല്ലാപ്പുകളും പ്രവാസികളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിനിമയത്തിൽ 86 ശതമാനം നിർവഹിച്ചിരുന്ന 14 ലക്ഷം കോടി മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണം തടയാനെന്ന പ്രഖ്യാപനവുമായി ഒറ്റയടിക്ക് പിൻവലിച്ചതിനെ ധീരമായ നടപടിയെന്ന് ആദ്യം വിശേഷിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീടതിനെ ലോക മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും വിശേഷിപ്പിച്ചത് പോഴത്തരമെന്നാണ്. അപ്രതീക്ഷിതമായ അസാധുവാക്കൽ രാജ്യ പുരോഗതിയുടെ മുനയാണ് ഒടിച്ചത്. സാമ്പത്തിക വളർച്ചാ നിരക്കിനെ താഴേക്ക് പിടിച്ചു വലിച്ചു. പിൻവലിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിസർവ് ബാങ്ക് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
തീവ്രവാദ, ഭീകരവാദ പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന ധനസഹായം തടയുമെന്ന പ്രഖ്യാപനവും വെറുതെയായി. പുതിയ നോട്ടുകൾ പ്രചാരത്തിൽ എത്തുന്നതിന് മുമ്പു തന്നെ ദേശവിരുദ്ധ ശക്തികളുടെ കൈകളിൽ വ്യാജനെത്തി. എന്നാൽ ഇത്തരം ഒരു അവകാശ വാദങ്ങളുമില്ലാതെ ഇന്ത്യ നോട്ടു നിരോധനം നടത്തിയ അതേ കാലയളവിൽ തന്നെ സൗദി അറേബ്യ ആറാം നാണയ പരിഷ്‌കാരത്തിലൂടെ നിലവിലെ ഭൂരിഭാഗം നോട്ടുകളിലും നാണയങ്ങളിലും പരിഷ്‌കാരം വരുത്തിയിരുന്നു. ഇത് ഒരു നിലക്കും ജനങ്ങളുടെ ജീവിതത്തെയോ വികസന പ്രക്രിയകളെയോ ബാധിച്ചില്ല. പുതിയ നോട്ടുകൾക്കൊപ്പം പഴയ നോട്ടുകളും ക്രയവിക്രയം ചെയ്തുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഘട്ടംഘട്ടമായി പഴയ നോട്ടുകളെ വിപണിയിൽനിന്ന് നീക്കുന്ന സമീപനമാണ് സൗദി സർക്കാർ സ്വീകരിച്ചത്. പക്ഷേ ഇന്ത്യക്കതു സാധിക്കാതെ പോയതാണ് സാമ്പത്തിക തകർച്ചക്കിടയാക്കിയത്.
നോട്ട് നിരധോനം സർവ മേഖലയെയും ബാധിച്ചുവെങ്കിലും കൂടുതൽ ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. പ്രവാസികൾ അധികവും തങ്ങളുടെ സമ്പാദ്യം ഈ രംഗത്താണ് നിക്ഷേപിച്ചിരുന്നത്. നാട്ടിലില്ലാതെ തന്നെ ഈ രംഗത്ത് നിക്ഷേപങ്ങൾ നടത്താനാവുമെന്നതും എപ്പോൾ വേണമെങ്കിലും മറിച്ചു കൊടുത്ത് നിക്ഷേപ തുക ലാഭത്തോടെ തിരിച്ചു പിടിക്കാമെന്നതുമായിരുന്നു അധികം പേരേയും ഈ രംഗത്തേക്ക് ആകർഷിച്ചത്. എന്നാൽ നോട്ട് നിരോധനത്തോടെ ഇടപാടുകൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.
നിക്ഷേപ തുക പോലും തിരിച്ചു പിടിക്കാനാവാതെ പലരും നട്ടംതിരിയുകയാണ്. മക്കളുടെ വിവാഹം, വീടുവെക്കൽ, മടങ്ങിപ്പോക്കു വേളയിൽ നാട്ടിലെത്തി ജിവിതോപാധി കണ്ടെത്തൽ തുടങ്ങി വിവിധോദ്ദേശ്യത്തോടെയായിരുന്നു അധികം പേരും കൈവശമുള്ള പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചത്. ഒട്ടുമിക്കവരും മറിച്ചു കൊടുക്കുമ്പോഴുള്ള ലാഭം മാത്രം പ്രതീക്ഷിച്ച് ഒരു വരുമാനവുമില്ലാത്ത സ്ഥലങ്ങളിലാണ് നിക്ഷേപം നടത്തിയത്.
മോഹവിലയുടെ പുറത്ത് മാർക്കറ്റ് വിലയേക്കാളും കൂടുതൽ തുക നൽകിയാണ് പലരും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയത്. ഇങ്ങനെ നിക്ഷേപം നടത്തിയവരിൽ പലരും ജോലി നഷ്ടപ്പെട്ടും ഗൾഫിലെ, പ്രത്യേകിച്ച് സൗദി അറേബ്യയിലെ പരിഷ്‌കരണ നടപടികളുടെ ഫലമായി നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതിൽ മുൻവർഷത്തെ അപേക്ഷിച്ച് 2016 ൽ 12 ശതമാനത്തിന്റെ കുറവുണ്ടായത് ഈ മടക്കത്തിന്റെ വലിപ്പത്തെയാണ് കാണിക്കുന്നത്. വരും ദിനങ്ങളിൽ ഇവരുടെ മടക്കത്തിന് ആക്കം കൂടും.
ആശ്രിത ലെവിയും സ്വദേശിവൽക്കരണവും സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് തൊഴിൽ മേഖലയിലെ പ്രതിസന്ധിയുമെല്ലാം പ്രവാസത്തോട് ഒരിക്കലും വിടപറയാൻ ആഗ്രഹിക്കാതിരുന്നവരെ പോലും മടങ്ങാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നാട്ടിലെത്തിയാൽ എന്തെങ്കിലും ചെയ്യുന്നതിന് നിക്ഷേപമായി കരുതിയിരുന്ന ഭൂമിയെ നോക്കി നെടുവീർപ്പിടാൻ മാത്രമാണ് ഇപ്പോഴിവർക്കാവുന്നത്.
വാങ്ങിയ വിലയേക്കാളും കുറഞ്ഞ വിലക്ക് കൊടുക്കാൻ തയാറായാൽ പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. നോട്ട് നിരോധത്തോടെ സംജാതമായ ഈ പ്രതിഭാസം ഒരു വർഷം കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നുവെന്ന്ത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക വർധിപ്പിക്കുന്നതാണ്. ഉൽപാദന മേഖല, വ്യാപാര വാണിജ്യ രംഗം, സർവീസ് മേഖല തുടങ്ങി ഏതു രംഗങ്ങളിലെ നിക്ഷേപങ്ങൾക്കും ഇതേ അവസ്ഥ തന്നെയാണ്. നോട്ട് നിരോധത്തോടെ സാമ്പത്തിക രംഗത്തെ ക്രയവിക്രയം കുറഞ്ഞു. ഇതോടൊപ്പം ജി.എസ്.ടി കൂടിയായപ്പോൾ സർവ മേഖലയും മാന്ദ്യത്തിന്റെ പിടിയിലമർന്നു.
ഗൾഫ് നാടുകളിൽനിന്ന് നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയുക കൂടി ചെയ്തതോടെ ഈ മേഖലകളിലെല്ലാം പരിചയ സമ്പന്നരായവർക്കു പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രംഗത്തൊന്നും അത്രയേറെ പരിചയമില്ലാത്ത, നാട്ടിലൊരു വരുമാനം കണ്ടെത്താനിറങ്ങിയ പ്രവാസികളുടെ അവസ്ഥ പറയുകയും വേണ്ട.
നാട്ടിലും ഗൾഫിലും കഴിയാനാവാതെ ത്രിശങ്കു സ്വർഗത്തിലാണിപ്പോൾ പ്രവാസികൾ. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ, ഇവർക്കാശ്വാസമേകാൻ ആലസ്യവും പിന്തിരിപ്പൻ നിലപാടുകളും വെടിഞ്ഞ് ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും മുന്നോട്ടു വരണം.






