കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍; കര്‍ഷകരുടെ മറുപടി കാത്തിരിക്കുന്നു

ന്യൂദല്‍ഹി- ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ നിലപാട് മാറ്റാതെ കേന്ദ്ര സര്‍ക്കാര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാട് സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. നിയമം പിന്‍വലിക്കല്‍ ദൈര്‍ഘ്യമേറിയ നടപടിയാണ്. വൈദ്യുതി ബില്ല്, വൈക്കോല്‍ കത്തിക്കുന്നതിന് പിഴ ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവുകള്‍ നല്‍കാമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടു വച്ചു.

ഇടവേളയ്ക്കു ശേഷം ഇന്ന് വീണ്ടും നടന്ന ചര്‍ച്ചയില്‍ 41 കര്‍ഷക സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്. ഇവര്‍ കൂടിയാലോചിച്ച ശേഷം സര്‍ക്കാര്‍ നിലപാടിന് മറുപടി നല്‍കുമെന്നും റിപോര്‍ട്ട് പറയുന്നു. 

ആറാം ഘട്ട ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും ശുഭസൂചനയുണ്ടെന്നും സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
 

Latest News