Sorry, you need to enable JavaScript to visit this website.

ഗൾഫ് ഉച്ചകോടി അൽഉലയിൽ, ഖത്തർ അമീറിന് ക്ഷണം

റിയാദ് - 41-ാമത് ഗൾഫ് ഉച്ചകോടിയിലേക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഔപചാരികമായി ക്ഷണിച്ചു. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് ദോഹ പാലസിൽ ഖത്തർ അമീറിനെ സന്ദർശിച്ചാണ് ഉച്ചകോടിയിലേക്കുള്ള രാജാവിന്റെ ക്ഷണപത്രം കൈമാറിയത്. യു.എ.ഇ പ്രസിഡന്റ്, ഒമാൻ സുൽത്താൻ, കുവൈത്ത് അമീർ, ബഹ്‌റൈൻ രാജാവ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന ദിശയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടിയിൽ പ്രതിസന്ധിയിൽ ഭാഗമായ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയും പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. 
അടുത്ത ചൊവ്വാഴ്ച നടക്കുന്ന 41-ാമത് ഗൾഫ് ഉച്ചകോടിക്ക് വേദിയാവുക സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളിൽ ഏറ്റവും പ്രധാനമായ അൽഉലയായിരിക്കുമെന്ന് സ്ഥിരീകരണം. അൽഉലയിലാണ് ഉച്ചകോടി നടക്കുകയെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു. അൽഉലയിൽ ചേരുന്ന ഉച്ചകോടിയിലേക്ക് ഗൾഫ് നേതാക്കളെ സ്വാഗതം ചെയ്യുന്നതായി മന്ത്രിസഭാ യോഗം പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന നിലക്ക്, സർവ മേഖലകളിലും സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണവും സമന്വയവും വർധിപ്പിക്കുന്നതിലും ഉച്ചകോടി വിജയകരമായി മാറട്ടെ എന്ന് മന്ത്രിസഭ ആശംസിച്ചു.
 

Latest News