നടുവേദനക്ക് സൗജന്യ മരുന്ന് ലഭിക്കില്ല, രാജി പിൻവലിച്ച് ബി.ജെ.പി എം.പി

ന്യൂദൽഹി- നടുവേദനയ്ക്ക് വെറുതെ മരുന്ന് കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതും ഒറ്റ ദിവസത്തിനുള്ളിൽ ബിജെപിയിൽ നിന്നുള്ള രാജി പിൻവലിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ മൻസൂഖ് ഭായ് വാസവ. പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളുടെ തുടർച്ചയായി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്നു രാജി വെക്കുന്നു എന്ന് വ്യക്തമാക്കി ഇദ്ദേഹം രാജിക്കത്ത് നൽകിയത്. ബജറ്റ് സമ്മേളനത്തിന് മുൻപായി എംപി സ്ഥാനവും രാജി വെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെ  ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ പാട്ടീലിനെയും മുഖ്യമന്ത്രി വിജയ് രൂപാണിയെയും കണ്ടശേഷമാണ് രാജി തീരുമാനത്തിൽ നിന്നു പിൻവലിഞ്ഞത്. 
    ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ മൻസൂഖ് ഭായ് വാസവ രാജി പിൻവലിക്കാനുള്ള യഥാർഥ കാരണം തുറന്നു പറഞ്ഞു. എംപി സ്ഥാനം രാജി വെച്ചാൽ ഏറെക്കാലമായി തന്നെ വലട്ടുന്ന നടുവ് വേദനയ്ക്കും കഴുത്തു വേദനയ്ക്കും സൗജന്യ ചികിത്സ ലഭിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാക്കൾ ഉപദേശിച്ചു. എംപിയായി തുടർന്നാൽ മാത്രമേ ഈ സൗകര്യങ്ങൾ ലഭിക്കൂ. വിശ്രമം എടുക്കാനും പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള ഉപദേശം ലഭിച്ചു. ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് താൻ ആദ്യം പാർട്ടിയിൽ നിന്നു രാജി വെക്കാൻ തീരുമാനിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്തു. എന്നാൽ, മുതിർന്ന നേതാക്കളിൽ നിന്ന് ലഭിച്ച ഉപദേശം അനുസരിച്ച് രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങുകയാണെന്നും എംപിയായി തുടരുമെന്നും വാസവ പറഞ്ഞു. 
    ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് ആറു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മൻസൂഖ് വാസവ. ഒന്നാം മോഡി സർക്കാരിൽ ആദിവാസി ക്ഷേമവകുപ്പ് സഹമന്ത്രിയായിരുന്നു. നർമദ ജില്ലയിലെ 121 ജില്ലകളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. 

Latest News