ബിജെപിയെ പുറത്താക്കാൻ എൽഡിഎഫിന് പിന്തുണ നൽകി വിജയിപ്പിച്ച് കോൺഗ്രസ്
കോൺഗ്രസിന്റെ പിന്തുണയോടെ ഭരണം വേണ്ടെന്ന് ഇടതുപക്ഷം
ബിജെപിക്ക് വീണ്ടും സാധ്യത
തൃശൂർ- തൃശൂർ ജില്ലയിൽ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്തായ ചേർപ്പ് അവിണിശേരിയിൽ അട്ടിമറിയിലൂടെ ഭരണം എൽഡിഎഫ് പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെ ഏവരെയും അമ്പരപ്പിച്ച് അപ്രതീക്ഷിത ട്വിസ്റ്റ്. യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റാവേണ്ടെന്ന നിലപാടെടുത്ത് എൽഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി വിജയിച്ച കെ.ആർ.രാജു രാജി വെച്ചു. കോൺഗ്രസ് പിന്തുണയോടെയാണ് സിപിഎം ഇവിടെ ഭരണം പിടിച്ചെടുത്തത്. എന്നാൽ കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാട് എൽഡിഎഫ് എടുത്തിരിക്കുകയാണ്. ഇതോടെ വീണ്ടും അവിണിശേരിയിൽ ഭരണം ബിജെപി തന്നെ തുടരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. അവിണിശേരിയിൽ ബിജെപിയുടെ ഹരി സി നരേന്ദ്രൻ, യുഡിഎഫിന്റെ വി.ഐ.ജോൺസൺ, എൽഡിഎഫിന്റെ കെ.ആർ.രാജു എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥികൾ.
ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് അംഗം രാജിവെച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
ആകെയുള്ള പതിനാലിൽ ആറു സീറ്റാണ് ഇത്തവണ ബി.ജെ.പി നേടിയത്. എൽ.ഡി.എഫ് അഞ്ചും യു.ഡി.എഫ് മൂന്നും സീറ്റുകൾ നേടി. 2015ലെ തെരഞ്ഞെടുപ്പിൽ 14ൽ ഏഴു സീറ്റു നേടി ഇടതു വലതു മുന്നണികളെ അപ്രസക്തമാക്കിയാണ് അവിണിശേരി പഞ്ചായത്ത് ബിജെപി പിടിച്ചെടുത്തത്. സംസ്ഥാനതലത്തിൽ തന്നെ ബിജെപിക്ക് അഭിമാനമുയർത്തിയ നേട്ടമായിരുന്നു അത്.
ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് വിട്ടുകൊടുക്കാതിരിക്കാൻ ഒന്നിക്കുകയാണെങ്കിൽ അവിണിശേരിയിൽ കഥ മാറുമെന്നുറപ്പായിരുന്നു. എന്തായിരിക്കും ക്ലൈമാക്സെന്ന് ആർക്കും പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ തവണ വിജയിച്ച പതിനൊന്നാം വാർഡാണ് ബി.ജെ.പിക്ക് ഇക്കുറി നഷ്ടമായത്.
മിഷൻ ടെൻ പ്ലസ് എന്ന ആസൂത്രണമാണ് ഇത്തവണ അവിണിശേരിയിൽ ബി.ജെ.പി പ്രാദേശിക നേതൃത്വം നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ഏഴിൽ നിന്ന് പത്തിലേക്ക് എത്തണമെന്ന വാശിയോടെയായിരുന്നു പ്രവർത്തനമെങ്കിലും സീറ്റുകളുടെ എണ്ണം ആറായി ചുരുങ്ങി. സുരേഷ്ഗോപി എം.പി ദത്തെടുത്ത പഞ്ചായത്തുകളിലൊന്നാണ് അവിണിശേരി.
ഖാദിയുടെ തട്ടകമായ അവിണിശേരിയെ വീണ്ടും കാവിയണിയിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഏതു മാർഗം അവലംബിച്ചും തടയാൻ മറ്റു രണ്ടു മുന്നണികളും ഒറ്റക്കെട്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അട്ടിമറികളും ട്വിസ്റ്റും കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കുന്ന സ്ഥിതിയിലേക്കാണ് എത്തുന്നത്.






