പ്രവാസി ബാലറ്റുകള്‍ നയതന്ത്രബാഗില്‍ തിരികെ എത്തിക്കുന്ന കാര്യം പരിഗണനയില്‍

ന്യൂദല്‍ഹി- പ്രവാസി വോട്ടര്‍മാരുടെ തപാല്‍ ബാലറ്റുകള്‍ നയതന്ത്ര ബാഗുകളില്‍ തിരികെ എത്തിക്കാന്‍ അനുവദിക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനും വിദേശകാര്യ മന്ത്രാലയവും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

നയതന്ത്ര കാര്യാലയുങ്ങളും ബന്ധപ്പെട്ട സര്‍ക്കാരും തമ്മിലുള്ള കത്തുകളും മറ്റു വസ്തുക്കളും കൊണ്ടുപോകുന്നതിനാണ് സാധാരണ  നയതന്ത്ര ബാഗ് ഉപയോഗിക്കാറുള്ളത്.

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി  ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി തപാല്‍ ബാലറ്റുകള്‍ എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ക്ക് എത്തിക്കാമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്ത മുന്നോട്ടുവെച്ചിരുന്നു.

വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ എംബസി നിയോഗിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഉദ്യോഗസ്ഥന്‍  അത് സാക്ഷ്യപ്പെടുത്തി നയതന്ത്ര ബാഗിലൂടെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

ഏകദേശം 1.06 ലക്ഷം എന്‍ആര്‍ഐ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 87,000 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
അടുത്ത വര്‍ഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കാന്‍ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest News