Sorry, you need to enable JavaScript to visit this website.

ഇത് സരിത റിപ്പോർട്ട്, കമ്മീഷൻ റിപ്പോർട്ടല്ല- ഉമ്മൻ ചാണ്ടി

തന്നെ ബ്ലാക് മെയില്‍ ചെയ്തു- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം- സോളാർ കേസ് സംബന്ധിച്ച റിപ്പോർട്ടല്ല, സരിത റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉമ്മൻ ചാണ്ടി സോളാർ കമ്മീഷനെതിരെ രൂക്ഷമായി ആരോപണം ഉന്നയിച്ചത്. സരിതയുടെ കത്ത് അതേപടി സോളാർ റിപ്പോർട്ടിൽ ചേർക്കുക വഴി കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടമായെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 

ഈ വിഷയത്തില്‍ ഒരാളുടെ ബ്ലാക്ക് മെയിലിംഗിന് താന്‍ വിധേയനായെന്നും ആ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വി.എം സുധീരനാണോ ബ്ലാക് മെയില്‍ ചെയ്തത് എന്ന ചോദ്യത്തോട് അദ്ദേഹം എന്‍റെ അടുത്ത സഹപ്രവര്‍ത്തകനല്ലേ എന്നായിരുന്നു മറുപടി. സോളാര്‍ റിപ്പോര്‍ട്ട് ഗൌരവമേറിയതാണ് എന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ടെന്ന് പത്രലേഖകര്‍ തിരിച്ചു ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ട് ഗൌരവമുള്ളതായത് കൊണ്ടാണല്ലേ ഇത്രയും പത്രലേഖകര്‍ ഇവിടെ വന്നത് എന്നായിരുന്നു മറുപടി. രണ്ടു തവണ കേരള മുഖ്യമന്ത്രിയായ ഒരാളെ ബ്ലാക് മെയില്‍ ചെയ്തുവെന്ന കാര്യം  ഗൌരവമുള്ളതാണെന്നും പേര് വെളിപ്പെടുത്തണമെന്നും പത്രലേഖകര്‍ അഭിപ്രായപ്പെട്ടെങ്കിലും ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞില്ല. 

സോളാർ കേസിൽ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന വെല്ലുവിളി ഉമ്മൻ ചാണ്ടി ആവർത്തിച്ചു. യു.ഡി.എഫ് ഗവൺമെന്റിനെ തകർക്കാൻ പത്തുകോടി രൂപ വാഗ്ദാനമുണ്ടായിരുന്നുവെന്ന് ഈ സ്ത്രീ നേരത്തെ വെളിപ്പെടുത്തയിരുന്നു. ഇതിനെ പറ്റി പിണറായി അഭിപ്രായം വ്യക്തമാക്കണം. എന്റെ അഭിപ്രായത്തിൽ അത് തെറ്റാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഈ സ്ത്രീ എന്തും പറയും. എന്റെ അനുഭവത്തിൽനിന്നാണ് ഞാൻ പറയുന്നത്. ഇങ്ങിനെയുള്ള ഒരു സ്ത്രീയുടെ പിന്നിലെ പോകേണ്ട പാർട്ടിയാണോ സി.പി.എം. പത്തുകോടി വാഗ്ദാനമുണ്ടായിരുന്നുവെന്ന ഈ സ്ത്രീയുടെ വാർത്ത ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമം കവർ സ്റ്റോറി ആക്കിയിട്ടും അതിന്റെ പിറകെ പോകാൻ തയ്യാറായില്ല. കാരണം ആ സ്ത്രീയുടെ സ്വഭാവം അങ്ങിനെയാണ്.

രാഷ്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടാം. ഇന്ത്യാ ടുഡേയിൽ ഈ സ്ത്രീയുടെ അഭിമുഖം വന്നിട്ടും അത് ഉപയോഗിച്ച് പ്രതിരോധിക്കാൻ തയ്യാറായില്ല. അതിന് മുന്നോട്ടുവന്നവരെ തടയുകയും ചെയ്തു. കഴിഞ്ഞ നാലുവർഷമായി ഈ കേസ് ഉപയോഗിച്ച് എന്നെ വേട്ടയാടുന്നു. ഇതേവരെ സമചിത്തത വിട്ട് പെരുമാറിയിട്ടില്ല. പെരുമാറുകയുമില്ല. ഈ കമ്മീഷനെ ഞാൻ വെച്ചതാണ്. ഇറങ്ങിപ്പോരുന്നത് വരെ സർക്കാർ തലത്തിൽ ചെയ്യാൻ പറ്റുന്ന മുഴുവൻ സഹായവും നൽകി. സമയം നീട്ടി ചോദിച്ചപ്പോ നൽകി. ഈ ഗവൺമെന്റ് വന്ന ശേഷമാണ് അതിൽ പല മാറ്റങ്ങളും വന്നത്. ഈ സ്ത്രീയുടെ കത്ത് ഈയടുത്താണ് കമ്മീഷനിൽ മാർക്ക് ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ കത്ത് കമ്മീഷൻ മാർക്ക് ചെയ്തത്. തനിക്കെതിരായ ആരോപണത്തിന് മാനനഷ്ട കേസ് നൽകിയിട്ടുണ്ടെന്നും അത് നടന്നുകൊണ്ടിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 
കമ്മീഷൻ നാലു വാള്യമുള്ള റിപ്പോർട്ടാണ് സംസ്ഥാന സർക്കാറിന് സമർപ്പിച്ചിരുന്നത്. അതിൽ ഒന്നിൽ ഒപ്പിട്ടിരുന്നില്ല. അത് മനപൂർവ്വമാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. നിയമപരമായി ഒട്ടേറെ വീഴ്ച്ചകൾ ഈ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഗവൺമെന്റ് നിശ്ചയിച്ച ടേംസ് ഓഫ് റഫറൻസിൽനിന്ന് കമ്മീഷന് മുന്നോട്ടുപോകാനാകില്ല. എന്നാൽ സോളാർ കമ്മീഷൻ അത് ലംഘിച്ചു. സോളാർ കമ്മീഷനിൽ ജസ്റ്റീസ് തന്നെ സ്വന്തമായി ടേംസ് ഓഫ് റഫറൻസുണ്ടാക്കി. അതിനെ ഗവൺമെന്റ് വക്കീൽ എതിർത്തെങ്കിലും പരിഗണിച്ചില്ല. അതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്താൽ അപ്പോൾ തന്നെ കമ്മീഷന്റെ പ്രവർത്തനം വിലക്കുമായിരുന്നു. യു.ഡി.എഫിനെ തകർക്കാൻ എൽ.ഡി.എഫിനേക്കാൾ വലിയ താൽപര്യം കമ്മീഷൻ കാണിച്ചോ എന്ന ചോദ്യത്തിന് അതെല്ലാം നിങ്ങൾ അന്വേഷിച്ചോളൂ എന്നായിരുന്നു മറുപടി. 

വിപുലമായ ടേംസ് ഓഫ് റഫറൻസാണ് യു.ഡി.എഫ് സർക്കാർ നൽകിയത്. ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലാത്തത് കൊണ്ടാണ് അങ്ങിനെ ചെയ്തത്. ഒരു കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏതെങ്കിലും വിധത്തിൽ ഈ സ്ത്രീയെ സഹായിച്ചുവെന്ന് തെളിഞ്ഞാൽ അതിൽ കുറ്റമേൽക്കാൻ തയ്യാറാണ്. നിയമപരമായി ലഭിക്കാവുന്ന മുഴുവൻ അവകാശങ്ങളും ഉപയോഗിക്കുമെന്നും ഒരാളുടെ കാലുപിടിക്കാനും പോകില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രണ്ടു തവണ സർക്കാർ പിറകോട്ടു പോയി. അത് ഞാനോ യു.ഡി.എഫോ പറഞ്ഞിട്ടില്ല. ഈ കേസിൽ അന്തിമവിധി വരുമ്പോൾ ഞാൻ ജനങ്ങൾക്ക് മുന്നിൽ തല ഉയർത്തിനിൽക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 
ദിവസവും അഞ്ഞൂറും ആയിരവും ആളെ ഓഫീസിൽ കാണാറുണ്ട്. കാണുന്നവരെയെല്ലാം എങ്ങിനെയാണ് ഓർത്തിരിക്കുക. ഒരു മന്ത്രിയെയും ഈ സ്ത്രീക്ക് പരിചയപ്പെടുത്തിയിട്ടില്ല. എന്റെ ജീവിതം മുഴുവൻ ജനങ്ങൾക്കിടയിലാണ്. ഒരു രഹസ്യവുമില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നത്. തെറ്റു ചെയ്യാത്തതിന് ഞാൻ കീഴടങ്ങണോ എന്ന ചിന്തയിലാണ് ഞാൻ. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ ഒരു നിമിഷം പോലും പൊതുപ്രവർത്തനത്തിലുണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

Latest News