ന്യൂദല്‍ഹി- ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തിയ 14 പേര്‍ക്കു കൂടി കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ അതിതീവ്ര വ്യാപന സാധ്യതയുള്ള വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ബ്രിട്ടനില്‍നിന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിയ രണ്ടുവയസുകാരിക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. യു.കെയില്‍നിന്നും യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നുമെത്തിയ 361 പേരെ മുംബൈയില്‍ ഒരാഴ്ച നിരീക്ഷണത്തിലാക്കി.
യു.കെയില്‍ നിന്നു കര്‍ണാടകയില്‍ മടങ്ങിയത്തിയവരില്‍ മൂന്ന് പേരെ ബാധിച്ചിരിക്കുന്നതു കോവിഡ് വൈറസിന്റെ പുതിയ വകഭേദമാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. യു.കെയില്‍ നിന്നു കര്‍ണാടകയില്‍ എത്തിയ 204 പേരെ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിനാലാണ് കണ്ടെത്താനാകാത്തതെന്നും ഇവരെ കണ്ടെത്താന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.






