കമല ഹാരിസും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തു

വാഷിങ്ടണ്‍- നിയുക്ത യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പെടുത്തു. ദൃശ്യം ടിവിയില്‍ തത്സമയം കാണിച്ചു. തെക്കുകിഴക്കന്‍ വാഷിങ്ടണിലെ ഒരു മെഡിക്കല്‍ സെന്ററില്‍ നിന്നാണ് കമല മൊഡേന വാക്‌സിന്‍ സ്വീകരിച്ചത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ദിവസങ്ങള്‍ക്കു മുമ്പ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. പുതുതായി അധികാരമേല്‍ക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാര്‍ യുഎസില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പ്രോത്സാഹനത്തിന് മുന്തിയ പരിഗണന നല്‍കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. 

കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള പ്രദേശത്തെ ആശുപത്രിയില്‍ വച്ചാണ് കമല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരുടെ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണവും കുത്തിവെപ്പും പ്രോത്സാഹിപ്പിക്കുന്നതിന് ബൈഡനും സംഘവും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സൂചി കുത്തിയത് അറിഞ്ഞതു പോലുമില്ലെന്ന് കുത്തിവെപ്പെടുത്ത ശേഷം കമല പറഞ്ഞു. ഇതു സുരക്ഷിതമാണെന്നും എല്ലാവരും പ്രതിരോധ മരുന്ന് സ്വീകരിക്കണമെന്നും കമല നിര്‍ദേശിച്ചു.
 

Latest News