Sorry, you need to enable JavaScript to visit this website.

കാസർകോട്ട് ലീഗ് അധ്യക്ഷ പട്ടിക തയാറായി 

കാസർകോട് - ജില്ലയിലെ മുസ്‌ലിം  ലീഗിന് ഭൂരിപക്ഷം ലഭിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ നിശ്ചയിച്ചു. ലീഗ് നേതൃത്വമാണ് പട്ടിക പുറത്തുവിട്ടത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ ലീഗിലെ പി.എ സൈമ പ്രസിഡണ്ടാകും. 
ബ്ലോക്കിന്റെ സിവിൽ സ്‌റ്റേഷൻ ഡിവിഷനിൽ നിന്നാണ് സൈമ വിജയിച്ചത്. ഇന്നലെയാണ്  ലീഗ് ജില്ലാ പാർലമെന്ററി ബോർഡ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.


ഖാദർ ബദരിയ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും. വൈസ് പ്രസിഡണ്ട്  സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും  ലീഗ് നിർദ്ദേശിച്ചു. പതിമൂന്നാം വാർഡിൽ നിന്നാണ് അബ്ദുൽ ഖാദർ വിജയിച്ചത്. അഡ്വ. സമീറാ ഫൈസൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. മുൻ വൈസ് പ്രസിഡണ്ടാണ്. വനിതാ ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ടും കേരള ലോയേർസ് ഫോറം ജില്ലാ വൈസ് പ്രസിഡണ്ടുമാണ്. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ. പി.എ. ഫൈസലിന്റെ ഭാര്യയാണ്. സുഫൈജാ അബൂബക്കർ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ ചെങ്കള ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി അനീസ മൻസൂർ മല്ലത്തിനെയാണ് മുസ്ലിം ലീഗ് പാർലമെന്ററി ബോർഡ് നിർദ്ദേശിച്ചിട്ടുള്ളത്. പടന്ന ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.വി മുഹമ്മദ് അസ്ലമിനെയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സത്താർ വടക്കുമ്പാടിനെയും കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഹമീദ് പോസൊളിഗെയേയും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ശാന്തയെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പി.സി.ഇസ്മായിലിനെയും മുസ്‌ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു. സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽറഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർലമെന്ററി ബോർഡാണ് പ്രഖ്യാപനം നടത്തിയത്.

Latest News