Sorry, you need to enable JavaScript to visit this website.

അനിശ്ചിതത്വത്തിനു വിരാമം: വയനാട് ജില്ലാ പഞ്ചായത്തിൽ ഷംസാദ് മരയ്ക്കാർ യു.ഡി.എഫ് സ്ഥാനാർഥി

കൽപറ്റ - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർഥിയാക്കണമെന്നതു സംബന്ധിച്ചു കോൺഗ്രസിൽ ദിവസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനു വിരാമമായി. മുട്ടിൽ ഡിവിഷനിൽനിന്നുള്ള ഷംസാദ് മരയ്ക്കാറിനെ പ്രസിഡണ്ട് സ്ഥാനാർഥിയാക്കാൻ ഇന്നലെ ചേർന്ന കോൺഗ്രസ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. പാർട്ടി ജില്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. 
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമാണ്  പാർട്ടിയിലെ എ വിഭാഗത്തിൽനിന്നുള്ള ഷംസാദ്. മുസ്‌ലിംലീഗിലെ കെ.ബി.നസീമ വൈസ് പ്രസിഡണ്ട് സ്ഥാനാർഥിയാകും.കണിയാമ്പറ്റ ഡിവിഷനിൽനിന്നുള്ള ഇവർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്.


പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അമ്പലവയൽ ഡിവിഷനിൽനിന്നുള്ള  സി.പി.എം മെംബർ സുരേഷ് താളൂരിനെ പ്രസിഡണ്ട് സ്ഥാനാർഥിയാക്കാൻ എൽ.ഡി.എഫിൽ  നേരത്തേ തീരുമാനമായതാണ്. മേപ്പാടി ഡിവിഷനിൽനിന്നുള്ള സി.പി.ഐ മെംബർ എസ്.ബിന്ദുവായിരിക്കും വൈസ് പ്രസിഡണ്ട് സ്ഥാനാർഥി.
16 ഡിവിഷനുകളാണ് വയനാട് ജില്ലാ പഞ്ചായത്തിൽ. എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ടുവീതം അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിൽ സ്ഥാനാർഥികൾ തുല്യനില പാലിച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് നിർണയം. 


കോൺഗ്രസിലെ എ, ഐ വിഭാഗങ്ങൾക്കിടയിലെ തർക്കമാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി നിർണയം വൈകുന്നതിനു കാരണമായത്. പുൽപള്ളി ഡിവിഷനിൽനിന്നുള്ള അംഗം ഉഷ തമ്പിയെ പ്രസിഡണ്ട് സ്ഥാനാർഥിയാക്കണമെന്ന നിലപാടിലായിരുന്നു ഐ ഗ്രൂപ്പ്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാണ് ഉഷ തമ്പി. 
ഷംസാദ് മരയ്ക്കാറിനു പുറമേ ചീരാൽ ഡിവിഷനിൽനിന്നുള്ള അമൽ ജോയിയുടെ പേരും എ ഗ്രൂപ്പിൽനിന്നു പ്രസിഡണ്ട് സ്ഥാനത്തേക്കു ഉയർന്നിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡണ്ടുമാണ് അമൽ ജോയി. ഇന്നലെ ചേർന്ന യോഗത്തിൽ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾക്കൊടുവിലാണ് എ ഗ്രൂപ്പ് പ്രതിനിധിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർഥിയാക്കാൻ ധാരണയായത്. പിന്നീട് എ ഗ്രൂപ്പിൽനിന്നു ആര് എന്നതിലും അഭിപ്രായഐക്യം വൈകി. പ്രായം കുറഞ്ഞ അംഗം എന്ന നിലയിൽ അമൽ ജോയിയെ സ്ഥാനാർഥിയാക്കണമെന്നു യോഗത്തിൽ നിർദേശം ഉയർന്നു. ഇതിനെ പലരും പിന്തുണച്ചെങ്കിലും പാർട്ടിയിൽ തന്നേക്കാൾ സീനിയറായ ഷംസാദ് സ്ഥാനാർഥിയാകട്ടെ എന്ന നിലപാടാണ് അമൽ സ്വീകരിച്ചത്.


ജില്ലാ പഞ്ചായത്തിനു പുറമേ ജില്ലയിൽ പനമരം, ബത്തേരി, മാനന്തവാടി, കൽപറ്റ ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമപഞ്ചായത്തുകളിലും ഇന്നു പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പു നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിൽ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ എൽ.ഡി.എഫിലെയും കൽപറ്റയിലും പനമരത്തും യു.ഡി.എഫിലെയും പ്രതിനിധികൾ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരാകും. 
ഗ്രാമപഞ്ചായത്തുകളിൽ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, തവിഞ്ഞാൽ, എടവക, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, മൂപ്പൈനാട്, മീനങ്ങാടി, മുട്ടിൽ, തരിയോട്, നൂൽപ്പുഴ, കോട്ടത്തറ, നെൻമേനി എന്നിവിടങ്ങളിൽ യു.ഡി.എഫിനാണ്  ഭൂരിപക്ഷം. ഈ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാർഥി നിർണയം യു.ഡി.എഫ് ഇന്നലെ രാത്രിയോടെയാണ് പൂർത്തിയാക്കിയത്. 


വെള്ളമുണ്ട, തൊണ്ടർനാട്, വെങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, അമ്പലവയൽ, തിരുനെല്ലി എന്നിവയാണ് എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തുകൾ. പനമരം പഞ്ചായത്തിൽ ഇടതു, വലതു മുന്നണികൾക്കു വ്യക്തമായ ഭൂരിപക്ഷമില്ല. 23 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 11 വീതവും ബി.ജെ.പിക്കു ഒന്നും അംഗങ്ങളാണുള്ളത്. 
ബി.ജെ.പി  അംഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ നറുക്കെടുപ്പിലൂടെയായിരിക്കും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് നിർണയം. ജനറൽ വനിതയ്ക്കു സംവരണം ചെയ്തതാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം. ഇവിടെ മുസ്‌ലിംലീഗിൽനിന്നുള്ള ലക്ഷ്മി ആലത്തുമിറ്റമാണ് യു.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥി. പട്ടികവർഗക്കാരിയാണ് ലക്ഷ്മി. കോൺഗ്രസിലെ തോമസ് പാറക്കാലായാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർഥി. എൽ.ഡി.എഫിൽനിന്നു സി.പി.എമ്മിലെ ആസ്യ കൈതക്കലും ടി.മോഹനനും യഥാക്രമം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാർഥികളാകും. 

 

 

Latest News