റിയാദ് - വ്യാജ ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച വില്ല വാണിജ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും സഹകരിച്ച് റെയ്ഡ് ചെയ്തു. വിദേശികളായ സ്ത്രീപുരുഷന്മാര്‍ സംശയകരമായ സാഹചര്യത്തില്‍ വന്നുപോകുന്ന വില്ലയെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. വ്യാജ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനും വില്‍പന നടത്താനുമാണ് വില്ല വിദേശികള്‍ ഉപയോഗിച്ചിരുന്നത്. 50 ലക്ഷം റിയാലിന്റെ കാര്‍ഗോ പോളിസികളും നിരവധി വിദേശ മദ്യക്കുപ്പികളും വന്‍തുകയും ലൈസന്‍സില്ലാത്ത സ്ഥലത്ത് തയാറാക്കിയ ഭക്ഷണങ്ങളും മറ്റും റെയ്ഡിനിടെ കണ്ടെത്തി.
പരിശോധനക്കിടെ വില്ലയില്‍ കണ്ടെത്തിയവരെ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുവതി അടക്കം ഏഷ്യന്‍ വംശജരായ ആറു പേരാണ് റെയ്ഡിനിടെ പിടിയിലായത്. ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിലെ വിശാലമായ വില്ലയാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശികള്‍ ഉപയോഗിച്ചിരുന്നത്. സുരക്ഷാ സൈനികരുടെ അകമ്പടിയോടെ വില്ലയില്‍ റെയ്ഡ് നടത്തുന്നതിന്റെയും നിയമ ലംഘകരെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.
ദക്ഷിണ റിയാദില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്ന മറ്റൊരു മൂന്നംഗ സംഘവും കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി. ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചാണ് സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് വലയിലാക്കിയത്. മദ്യക്കുപ്പികള്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. തുടര്‍ന്ന് ദക്ഷിണ റിയാദില്‍ മദ്യനിര്‍മാണ കേന്ദ്രമാക്കി മാറ്റിയ ഇവരുടെ താമസസ്ഥലം പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഇരുനില വില്ലയിലാണ് സംഘം മദ്യനിര്‍മിച്ചിരുന്നത്. വില്‍പനക്ക് തയാറാക്കിയ വന്‍ മദ്യശേഖരവും 43 വീപ്പ വാഷും സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തി.






