Sorry, you need to enable JavaScript to visit this website.

അയ്യപ്പൻമുടിയുടെ മനോഹാരിത

ഹൈറേഞ്ചിന്റെ  കവാടമായ കോതമംഗലം ടൗണിൽ നിന്ന്  ഭൂതത്താൻകെട്ട്, തട്ടേക്കാട് റൂട്ടിൽ ചേലാടിന് മുന്നെ അഞ്ച് കിലോമീറ്റർ അകത്തേക്ക് പോയാൽ അയ്യപ്പൻമുടിയിലെത്താം. ശാന്തസുന്ദരമായ പച്ചപ്പ് വിരിച്ച തോട്ടങ്ങളുടെ നടുവിലൂടെയുള്ള ടാറിട്ട പാത കാനന യാത്ര ആയാസരഹിതമാക്കുന്നു.

സമുദ്ര നിരപ്പിൽ നിന്ന് 700 അടിയോളം ഉയരത്തിൽ  ഏതാണ്ട് അത്ര തന്നെ ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പാറയാണ് ആഭ്യന്തര ടൂറിസത്തിന്റെ ഭൂപടത്തിൽ സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് സ്ഥാനം പിടിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾക്ക് പോലും അനായാസേന അതിന്റെ നെറുകയിലെത്താവുന്ന വിധത്തിലാണ് പ്രകൃതിയുടെ വരദാനമായി സ്ഥിതി ചെയ്യുന്നത്. 


സഹ്യപർവത നിരകളുടെ മടിത്തട്ടിൽ പച്ചവിരിച്ച് പ്രകൃതി രമണീയത ആവാഹിച്ചെടുത്ത  പൂയംകുട്ടിയും കോതമംഗലം പട്ടണവും ഈ അയ്യപ്പൻമുടി പാറയുടെ ഉച്ചിയിൽ നിന്ന് കാണാമെന്നുള്ളത് പ്രത്യേകതയാണ്. സൂര്യോദയ അസ്തമയങ്ങൾക്ക് കുളിർക്കാറ്റേറ്റ് അടുത്തെന്ന പോലെ സാക്ഷ്യം വഹിക്കാമെന്നുള്ളതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.

 


ബാല്യ, കൗമാരകാല സുഹൃത്തുക്കളായ അബ്ദുൽ ഖാദർ പാറേക്കാട്ടും (റിട്ട. ട്രഷറി ഓഫീസർ), മുഹമ്മദ് റാഫി മണിയാട്ടുകുടിയും  (റിട്ട. എഫ്.എ.സി.ടി ഉദ്യോഗസഥൻ) കൂടി ഈ മധ്യാഹ്ന യാത്രയിൽ കണ്ണികളായപ്പോൾ ഏറെ കാലത്തിന് ശേഷമുള്ള കലാലയ അന്തരീക്ഷത്തിന്റെ  ചാരുത കൈവന്നു. അഷ്ടദിക്കുകളുടെ സ്രഷ്ടാവായ പ്രപഞ്ചനാഥന് സ്തുതി പറഞ്ഞു മലനിരയിറങ്ങി. അസ്തമയ സൂര്യൻ  നാളെയുടെ വരവിനായി പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞിരുന്നു.

Latest News