തിരുവനന്തപുരം- ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കു പറ്റാത്തവരാണെന്നും അതിനാലാണ് അവരെ താൻ ചർച്ചയ്ക്കു വിളിക്കാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഭാ തർക്കം ഗൗരവമായ വിഷയമാണെന്നും ക്രമസമാധാന പ്രശ്‌നമുള്ള അത്തരമൊരു കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണെന്നും ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്നു തോന്നുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികിൽസയ്ക്കിടെ മരിച്ച ദമ്പതികളുടെ മക്കൾക്കു വീട് വച്ചു നൽകാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദേശം നൽകി. കുട്ടികൾക്കു സർക്കാർ പൂർണ സംരക്ഷണം നൽകും. അത്യന്തം ദുഖകരമായ സംഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ നേരിടാൻ ആരോഗ്യവകുപ്പ് തയാറെടുപ്പുകൾ നടത്തുകയാണ്. കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഉടനെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






