ന്യൂദല്‍ഹി- ദല്‍ഹിക്കടുത്ത ഗാസിയാബാദിലെ ലോണിയില്‍ രണ്ടു പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ തെരുവിലിട്ട് പട്ടാപ്പകല്‍ അടിച്ചുകൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായി. കാറുകളിലും ബൈക്കിലുമായി നിരവധി പേര്‍ ഇതു വഴി കടന്നു പോയെങ്കിലും ആരും തിരിഞ്ഞു നോക്കുകയും അക്രമം തടഞ്ഞ് യുവാവിനെ രക്ഷിക്കാനോ ആശുപത്രിയിലെത്തിക്കാനോ സഹായിച്ചതുമില്ല. സംഭവം കണ്ടു വാഹനം നിര്‍ത്തിയ ചിലര്‍ വെറും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയും ചിലര്‍ മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തുകയും ചെയ്തു.
രാജു എന്ന യുവാവ് റോഡില്‍ രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു. രാജുവിന്റെ സഹോദരന്‍ സഞ്ജയ് പ്രതികള്‍ക്കെതിരെ ഏതാനും ദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. പൂക്കട സ്ഥാപിക്കുന്നതിനെ ചൊല്ലി പ്രതികളും സഞ്ജയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. മുഖ്യപ്രതി ഗോവിന്ദും സഹായി അമിതും ചേര്‍ന്നാണ് രാജുവിനെ തെരുവിലിട്ട് അടിച്ചു കൊന്നത്. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.






