Sorry, you need to enable JavaScript to visit this website.

അനിൽകുമാറും അൻസിയയും കൊച്ചിയുടെ സാരഥികൾ

കൊച്ചി കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എം അനിൽകുമാറിന് ജില്ലാ കലക്ടർ എസ്. സുഹാസ് ഉപഹാരം നൽകുന്നു.


കൊച്ചി - കൊച്ചി കോർപറേഷൻ മേയറായി എൽഡിഎഫിലെ സിപിഎം അംഗം എം അനിൽകുമാറും ഡെപ്യൂട്ടി മേയറായി സിപിഐയിലെ കെ എ അൻസിയയും തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ 10 വർഷങ്ങൾക്കു ശേഷമാണ് കൊച്ചി കോർപറേഷൻ ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചത്. രണ്ട് ഘട്ടമായി നടന്ന തെിരഞ്ഞെടുപ്പിലൂടെയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും  തെരഞ്ഞെടുത്തത്.ആകെയുള്ള 74 കൗൺസിലർമാരിൽ മേയർ തെരഞ്ഞെടുപ്പിൽ 73 പേർ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. 
23-ാം ഡിവിഷൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.  74 അംഗ കൗൺസിലിൽ യുഡിഎഫ്-31,എൽഡിഎഫ്-34,എൻഡിഎ-5,സ്വതന്ത്രർ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ എൻഡിഎയുമായി എൽഡിഎഫും യുഡിഎഫും സഹകരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെ 35 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന കക്ഷി ഭരണത്തിലെത്തുമെന്നതായി അവസ്ഥ.സ്വതന്ത്രരായി മൽസരിച്ച് വിജയിച്ച നാലു പേരിൽമൂന്നു പേർ കോൺഗ്രസ്,ലീഗ് വിമതരും ഒരാൾ സിപിഎം വിമതനുമായിരുന്നു. ഇതിൽ ലീഗ് വിമതൻ ടി .കെ അഷറഫും കോൺഗ്രസ് വിമതൻ സനിൽമോനും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എൽഡിഎഫിന് 36 അംഗങ്ങളായി ഉയർന്നു.
ഇന്നലെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ചെയർമാൻ സ്ഥാനത്തേക്ക് മൽസരിച്ചു. എൽ ഡി എഫ് , യു ഡി എഫ് , ബിജെപി പ്രതിനിധികളായ അഡ്വ. എം അനിൽകുമാർ , അഡ്വ. ആന്റണി കുരീത്തറ, സുധ ദിലീപ് കുമാർ എന്നിവരാണ് മൽസരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി കൗൺസിലർമാർ നേടി. 


തുടർന്ന് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർഥികൾ എന്ന നിലയിൽ എൽഡിഎഫിന്റെ അഡ്വ.എം അനിൽകുമാറും യുഡിഎഫിന്റെ ആന്റണി കുരീത്തറയും തമ്മിൽ തെരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം വീണ്ടും മൽസരിച്ചു. ഇതിൽ അഡ്വ.എം അനിൽകുമാറിന് 36 വോട്ടും ആന്റണി കുരീത്തറയ്ക്ക് 32 വോട്ടു കിട്ടി. ബി.ജെ.പി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. 
ഓപ്പൺ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്.ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ എൽഡിഎഫിലെ അഡ്വ.എം അനിൽകുമാർ കൊച്ചി കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വരണാധികാരിയായ ജില്ലാ കലക്ടർ എസ് സുഹാസ്  അഡ്വ. എം അനിൽകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.കൊച്ചിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഊർജിതമായി നടത്തുമെന്നും പ്രതിപക്ഷഅംഗങ്ങളെക്കൂടി സഹകരിപ്പിച്ചുകൊണ്ടായിരിക്കും മുന്നോട്ടു പോകുകയെന്നും മേയർ അനിൽകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മേയർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും സുതാര്യമായി തന്നെയായിരിക്കും നടപ്പിലാക്കുകയെന്നും അനിൽകുമാർ പറഞ്ഞു. 


ഉച്ചകഴിഞ്ഞാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടന്നത്.എൽഡിഎഫ് സ്ഥാനാർഥിയായി സിപി ഐയിലെ കെ എ അൻസിയയും യുഡിഎഫ് സ്ഥാനാർഥിയായി സീനയും ബിജെപി സ്ഥാനാർഥിയായി അഡ്വ. പ്രിയ പ്രശാന്ത്  എന്നിവരാണ് മൽസരിച്ചത്.ആകെയുള്ള 74 കൗൺസിലർമാരിൽ 73 പേർ ആദ്യ ഘട്ട വോട്ടെടുപ്പിലും 36 കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽ ഡി എഫ് , യു ഡി എഫ് , ബിജെപി സ്ഥാനാർഥിമാർ നേടി. 23-ാം ഡിവിഷൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.  
തെരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം  നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പിൽ കെ എ അൻസിയ 36 വോട്ട് നേടി. ബി ജെ പി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. എൽ ഡി എഫ് കൗൺസിലർമാർ വൈകി എത്തിയതിൽ പ്രതിഷേധിച്ച്   യു ഡി എഫ് കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുൻപ് ഇറങ്ങിപ്പോയി. ഓപ്പൺ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് മേയർ അഡ്വ. എം അനിൽകുമാർ അൻസിയയ്ക്ക്  സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോർപ്പറേഷൻ 5-ാം ഡിവിഷൻ കൗൺസിലറാണ് കെ.എ അൻസിയ.

 

 


 

Latest News