Sorry, you need to enable JavaScript to visit this website.

കളമശേരിയിലെ പദവികൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് 

കൊച്ചി - കളമശേരി നഗരസഭയിൽ നറുക്കെടുപ്പിലൂടെ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ യുഡിഎഫിന്. കോൺഗ്രസിലെ സീമ കണ്ണൻ ചെയർപേഴ്‌സണായും മുസ്‌ലിം ലീഗിലെ സൽമത്ത് അബൂബക്കർ വൈസ് ചെയർപേഴ്‌സണായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 
41 അംഗങ്ങളാണ് കളമശേരി നഗരസഭാ കൗൺസിലിൽ നിലവിലുള്ളത്. ഇതിൽ യുഡിഎഫ്-19-എൽഡിഎഫ്-18,എൻഡിഎ-ഒന്ന്,സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.മൂന്നു സ്വതന്ത്രരിൽ രണ്ടു പേർ ലീഗ്,കോൺഗ്രസ് വിമതരും ഒരാൾ സിപിഎം വിമതനുമായിരുന്നു.ഇതിൽ ലീഗ് വിമതനും സിപിഎം വിമതനും എൽഡിഎഫിനും കോൺഗ്രസ് വിമതൻ യുഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്-20, എൽഡിഎഫ്-20,എൻഡിഎ-ഒന്ന് എന്നിങ്ങനെയായി കക്ഷി നില.


ഇതോടെ എൽഡിഎഫും യുഡിഎഫും ചെയർപേഴ്‌സൺ സ്ഥാനാർഥികളെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. യുഡിഎഫ് സീമ കണ്ണനെയും എൽഡിഎഫ് ചിത്ര സുരേന്ദ്രനെയും മൽസരിപ്പിച്ചു.എൻഡിഎ വിട്ടു നിന്നു.വോട്ടെടുപ്പിൽ ഇരു സ്ഥാനാർഥികൾ 20 വോട്ടുകൾ വീതം നേടി.ഇതോടെയാണ് ചെയർപേഴ്‌സണെ കണ്ടെത്താൻ റിട്ടേണിംഗ് ഓഫിസർ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചത്. നറുക്കെടുപ്പിൽ സീമ കണ്ണൻ വിജയിക്കുകയായിരുന്നു. കളമശേരി 28ാം വാർഡിൽ നിന്നാണ് സീമ തെരഞ്ഞെടുക്കപ്പെട്ടത്.തുടർന്ന് ചെയർപേഴ്‌സണായി സീമ കണ്ണൻ സത്യപ്രതിജ്ഞ ചെയ്തു.
ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അതേ അവസ്ഥ തന്നെയായിരുന്നു വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലും സംഭവിച്ചത്.മുസ്‌ലിം ലീഗിലെ സൽമത്ത് അബൂബക്കറിനെയാണ് യുഡിഎഫ് വൈസ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി മൽസരിപ്പിച്ചത്.ലീഗ് വിമതനായി മൽസരിച്ച് വിജയിച്ച സുബൈറിനെയായിരുന്നു എൽഡിഎഫ് മൽസരിപ്പിച്ചത്.വോട്ടെടുപ്പിൽ ഇരു സ്ഥാനാർഥികളും 20 വോട്ടുകൾ നേടി തുല്യനിലയിൽ എത്തിയതോടെയാണ് റിട്ടേണിംഗ് ഓഫിസർ നറുക്കെടുപ്പ് നടത്തിയത്. 
നറുക്കെടുപ്പിൽ സൽമത്ത് വിജയിക്കുകയായിരുന്നു. ഇതോടെ ചെയർപേഴ്‌സൺ,വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വന്തമാക്കി.വോട്ടെടുപ്പിനു ശേഷം പുറത്തുവെച്ച് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.

 

Latest News